മാലിന്യ ശേഖരണത്തിന് ഓട്ടോകളുണ്ട്; വേണം, സുരക്ഷാ കവചം
text_fieldsമലപ്പുറം: നഗരസഭ ഹരിത കർമ സേനക്ക് ലഭിച്ച ഇലക്ട്രിക് ഗുഡ്സ് ഓട്ടോകളെ പൂർണമായി വിനിയോഗിക്കാൻ കഴിയാതെ അധികൃതർ. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ടുപോകാൻ വാഹനത്തിൽ സുരക്ഷിത മാർഗം സജ്ജമാകാൻ ബോഡി കവറിങ് (സുരക്ഷിത കവചം) സ്ഥാപിക്കുന്നത് വൈകുന്നതാണ് പ്രശ്നത്തിന് കാരണം.
2023-24 സാമ്പത്തിക വർഷത്തിൽ നഗരത്തിലെ മാലിന്യ ശേഖരണത്തിനായി സ്വകാര്യ ബാങ്കിന്റെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) ഫണ്ടിൽ സേനക്ക് ലഭിച്ച ഇലക്ട്രിക് ഓട്ടോകളാണ് സാങ്കേതിതത്വത്തിൽ വലഞ്ഞ് വിനിയോഗിക്കാൻ പ്രയാസപ്പെടുന്നത്.
മാലിന്യനീക്കം സുഖകരമാക്കാൻ അഞ്ച് വാഹനങ്ങളാണ് നഗരസഭക്ക് കിട്ടിയത്. സമീപ തദ്ദേശ സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ വാഹനങ്ങൾ ലഭിച്ചതും മലപ്പുറം നഗരസഭക്കാണ്. ഇവ ഓടിക്കാൻ ഹരിത കർമ സേനക്ക് ഡ്രൈവിങ് പരിശീലനം നൽകി മാലിന്യ ശേഖരണം 40 വാർഡുകളിൽ നിന്നും വേഗത്തിലാക്കുകയായിരുന്നു അധികൃതരുടെ ലക്ഷ്യം. ബോഡി കവർ ചെയ്യാത്തത് കാരണം പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാൻ വാഹനത്തിന് അനുവാദമില്ല.
ഇത് അധികൃതരെ വലച്ചിട്ടുണ്ട്. നിലവിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടകൾ വൃത്തിയാക്കുമ്പോൾ പുറംതള്ളുന്ന മണ്ണ് നീക്കം ചെയ്യാനാണ് ഇവ ഉപയോഗിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ നഗരസഭ തനത് പദ്ധതിയിലുൾപ്പെടുത്തി ബോഡി കവറിങ്ങിനുള്ള തുക വകയിരുത്താനാണ് അധികൃതരുടെ ശ്രമം.
സാങ്കേതിക തടസ്സങ്ങളില്ലെങ്കിൽ പദ്ധതി പൂർത്തീകരിക്കാനാകും. നിലവിൽ മാലിന്യം കൊണ്ടുപോകാൻ ഹരിത കർമ സേന ഷ്രെഡ്ഡിങ് യൂനിറ്റായ ഖനിയിലെ വാഹനത്തെ മാത്രമാണ് ആശ്രയിക്കുന്നത്. ഇലക്ട്രിക് ഗുഡ്സ് ഓട്ടോകൾ പൂർണമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ നഗരത്തിലെ മാലിന്യശേഖരണം സുഖകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.