ബാല സൗഹൃദ പദ്ധതിക്ക് പൊന്നാനിയിൽ തുടക്കം
text_fieldsപൊന്നാനി: കുട്ടികളെ സംരക്ഷിക്കാൻ പൊതുസമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും അക്കാര്യം നിര്‍വഹിക്കാന്‍ പൊതുസമൂഹം തയാറാകണമെന്നും ഹൈകോടതി ജസ്റ്റിസ് ഷാജി പി. ചാലി. പൊന്നാനി മണ്ഡലം ബാല സൗഹൃദ പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി എം.ഇ.എസ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ ഏറി വരുന്ന കാലമാണിത്. ബന്ധുക്കൾ തന്നെയാണ് ഉപദ്രവിക്കുന്നവരിൽ ഏറെയും. അതിക്രമങ്ങളുണ്ടായാല്‍ അതിനുത്തരവാദികള്‍ കുട്ടികളാണെന്ന പൊതുബോധമാണ് സമൂഹത്തെ നയിക്കുന്നത്. ഇത് മാറ്റിയെടുക്കാനുള്ള ഇടപെടലാണ് പൊതുസമൂഹവും നടത്തേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ഗതാഗതം, പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാല സൗഹൃദമാകണമെന്നും ജസ്റ്റിസ് ഷാജി പി. ചാലി പറഞ്ഞു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുക, കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ബാല സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന ബാലാവകാശ കമീഷന്റെയും ജില്ല വനിത ശിശു വികസന വകുപ്പ്, ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെയും നേതൃത്വത്തില്‍ ബാലസൗഹൃദ മണ്ഡലം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ബാലാവകാശ കമീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് അധ്യക്ഷനായി. പി. നന്ദകുമാര്‍ എം.എൽ.എ മുഖ്യാതിഥിയായി. പൊന്നാനി നഗരസഭ ചെയര്മാന് ശിവദാസ് ആറ്റുപുറം, ബാലാവകാശ കമീഷന് അംഗങ്ങളായ ബബിത ബല്‍രാജ്, റെനി ആന്റണി, പി.പി. ശ്യാമളാ ദേവി, സി. വിജയകുമാര്‍, ജലജ ചന്ദ്രന്, എന്‍. സുനന്ദ, സി.ഡബ്ല്യു.സി ചെയര്മാന് എ. സുരേഷ്, വനിത ശിശു ഓഫിസര്‍ അബ്ദുൽ റഷീദ്, ഡി.സി.പി.ഒ ഗീതാജ്ഞലി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.