ട്രോളിങ് നിരോധനം സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കണം- ജില്ല കലക്ടര്‍
text_fieldsമലപ്പുറം: മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്ന് ജില്ല കലക്ടർ വി.ആര്. വിനോദ് പറഞ്ഞു. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം നീളുന്ന ട്രോളിങ് നിരോധന കാലയളവിലെ മുന്നൊരുക്കം വിലയിരുത്താൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൺട്രോൾ റൂം തുടങ്ങി
ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, മറൈൻ എൻഫോഴ്സ്മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൃത്യമായ സുരക്ഷ ക്രമീകരണങ്ങളാണ് ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയിൽ ഒരുക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പൊന്നാനി ഹാർബറിനടുത്തെ ഫിഷറീസ് സ്റ്റേഷനിൽ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാസ്റ്റർ കൺട്രോൾ റൂം ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിങിനുമായി പൊന്നാനി, താനൂർ ബേയ്സുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ രണ്ട് പട്രോൾ ബോട്ടുകൾ വാടകക്കെടുത്തിട്ടുണ്ട്. കൂടാതെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി പൊന്നാനി, താനൂർ ബേയ്സുകൾ കേന്ദ്രീകരിച്ച് സീ റസ്ക്യൂ ഗാർഡുമാരെയും ഗ്രൗണ്ട് റസ്ക്യൂ ഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്. പ്രധാന ഹാർബറുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
അന്യസംസ്ഥാന ബോട്ടുകൾ കേരളം വിടണം
അന്യസംസ്ഥാന ബോട്ടുകൾ ട്രോൾബാൻ ആരംഭിക്കുന്നതിന് തലേദിവസം തന്നെ സംസ്ഥാനം വിട്ടു പോകണം. നിരോധിക്കപ്പെട്ട മത്സ്യബന്ധന രീതികൾക്ക് ശ്രമിച്ചാൽ ശക്തമായ നടപടി എടുക്കുമെന്നും കളർകോഡിങ് പൂർത്തീകരിക്കാത്ത യാനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി. പ്രശാന്തൻ യോഗത്തില്‍ അറിയിച്ചു.
രജിസ്ട്രേഷൻ പകർപ്പുകൾ കരുതണം
എല്ലാ മത്സ്യബന്ധനയാനങ്ങളും രജിസ്ട്രേഷൻ/ ലൈസൻസ് എന്നിവയുടെ പകർപ്പുകൾ യാനത്തോടൊപ്പം കരുതണം. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരസുരക്ഷയുടെ ഭാഗമായി ആധാർകാർഡ് വെരിഫിക്കേഷൻ ഉണ്ടായിരിക്കും. ലൈഫ്ജാക്കറ്റ് ഉൾപ്പെടെ ജീവൻരക്ഷ ഉപകരണങ്ങൾ യാന ഉടമകൾ ഉറപ്പാക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ഫിഷറീസ് വകുപ്പിനെയോ കോസ്റ്റൽ പൊലീസിനെയോ അറിയിക്കണം. യാനങ്ങൾക്ക് നിർബന്ധമായും രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ ഉണ്ടാകണം.
ഹാർബറുകളിൽ വല പരിശോധന
ഹാർബറുകൾ കേന്ദ്രീകരിച്ച് വലകളുടെ പരിശോധനയും ഉണ്ടായിരിക്കും. മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന 0483-2736320 നമ്പറിൽ ബന്ധപ്പെടാം. കൂടാതെ പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന 0494-2666728 എന്ന കൺട്രോൾ റൂം നമ്പറിലും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 0494-2666428 നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.