വിലകുറയുന്നു; ചങ്കിടിപ്പേറി വാഴക്കര്‍ഷകര്‍
text_fieldsമങ്കട: നേന്ത്രക്കായക്ക് വില കുറഞ്ഞതോടെ വാഴക്കര്‍ഷകരുടെ ചങ്കിടിപ്പേറി. കേരളത്തിനു പുറമേ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരു നിയന്ത്രണവുമില്ലാതെ വ്യാപകമായി നേന്ത്രക്കായ കേരളത്തിലെത്തുന്നത് കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് വലിയ ആഘാതമായി. ചില്ലറവില്പനയില് 28 രൂപ കിട്ടുന്ന നേന്ത്രക്കായക്ക് കിലോക്ക് 19 രൂപയാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്.
ലോണെടുത്തും പാട്ടത്തിന് ഭൂമിയെടുത്തും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ഇത് വലിയ നഷ്്ടം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതാണവസ്ഥ. സാധാരണയായി ഈ സീസണില്വില കുറയാറുണ്ടെങ്കിലും ഇത്രയും കുറഞ്ഞ അവസ്ഥയിലെത്താറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.ഒരു കുലക്ക് ശരാശരി 150 രൂപ കര്‍ഷകർക്ക് ഉല്പാദനച്ചെലവ് വരുന്നുണ്ട്. അധ്വാനവും മറ്റു ചെലവുകള്‍ വെറെയും. ഉല്‍പാദനച്ചെലവുപോലും കിട്ടാതെയാണ് ഇപ്പോള്‍ കര്‍ഷകര്‍ കുല വില്‍ക്കുന്നത്. നേന്ത്രക്കായക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില 30 രൂപയാണ്.
ഇത് രണ്ടുമാസം മുമ്പ് നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും നേരത്തെ രജിസ്റ്റര്‍ ചെയ്ത വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിച്ചിട്ടുള്ളൂ. ഡിസംബര്‍ 30ന് ഇതിെൻറ കാലാവധി അവസാനിച്ചിട്ടുണ്ട്. ഇനി പുതുതായി വാഴകൃഷി ചെയ്യുന്നവര്‍ ഇന്‍ഷുര്‍ ചെയ്ത് അപേക്ഷ നല്കിയാല് അവര്‍ക്കും ഈ ആനുകൂല്യം ലഭിച്ചുതുടങ്ങുമെന്നാണ് കൃഷിവകുപ്പില്‍നിന്ന് ലഭിക്കുന്ന വിവരം. അതുവരെ കുറഞ്ഞ വിലയ്ക്ക് നേന്ത്രക്കായ വില്‍ക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.