മനോധൈര്യവും അതിജീവനവും കരുത്താക്കിയ ബഷീർ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി
text_fieldsമാറഞ്ചേരി: രോഗങ്ങൾക്ക് മുന്നിൽ ഇച്ഛാശക്തിയും അതിജീവനവും കരുത്താക്കി മാതൃകയായ എം.ടി. ബഷീർ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.
അർബുദത്തിനെതിരെ മനോബലം ഒന്ന് കൊണ്ട് മാത്രം അതിജീവന പാത തുറന്ന ബഷീർ അർബുദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കോഴിക്കോട് എം.വി.ആർ കാൻസർ സെൻററിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു മരണം. സംസ്ഥാനത്തിെൻറ മുഴുവൻ ഭാഗങ്ങളിലും അംഗങ്ങളുള്ള അർബുദ രോഗികളുടെ കൂട്ടായ്മയായ അതിജീവനത്തിെൻറ ശിൽപികളിൽ ഒരാളാണ്.
1999ൽ വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ബഷീറിന് അർബുദം ബാധിച്ചത്. അതിനുശേഷം 22 വർഷത്തിനുള്ളിൽ മൂന്ന് മേജർ ശസ്ത്രക്രിയകൾ, 122 കീമോ, 25 റേഡിയേഷൻ എന്നിവയിലൂടെയാണ് ബഷീർ കടന്നുപോയത്. ചെറുകുടലിനു അർബുദം ബാധിച്ചതിനെത്തുടർന്ന് വിദേശത്തുനിന്ന് മടങ്ങിവന്ന ശേഷം ചികിത്സ തേടിയ ചെന്നൈയിലെ അടയാർ കാൻസർ സെൻററിലെ ഡോക്ടർ വികാസ് മഹാജെൻറ ചികിത്സയും അദ്ദേഹം നൽകിയ മനോധൈര്യവുമാണ് പിന്നീടുള്ള നാളുകളിൽ അർബുദത്തിന് കീഴടങ്ങത്തെ പൊരുതാൻ ബഷീറിന് മനോധൈര്യം നൽകിയത്.
2015ഓടെ വൻകുടലിനും 2016ൽ കരളിനും അർബുദം ബാധിച്ചു. ഇതിനിടയിൽ മൂന്ന് വലിയ ശസ്ത്രക്രിയകൾ 115 കീമോ, 25 റേഡിയേഷൻ എന്നിവ ബഷീർ പൂർത്തിയാക്കിയിരുന്നു. അവസാന ഘട്ട ചികത്സയിലും 12 തവണ കീമോക്ക് വിധേയനായി. തികഞ്ഞ മനോധൈര്യത്തോടെ അർബുദത്തിനെതിരെ പടപൊരുതുക മാത്രമല്ല അർബുദ രോഗികൾക്കു അതിജീവനത്തിെൻറ സന്ദേശം പകരുകയും രോഗികൾക്ക് മനോധൈര്യം നൽകാനുള്ള പ്രവർത്തങ്ങളിലും ബഷീർ സജീവമായിരുന്നു. എൻ.സി.പി സംസ്ഥന കമ്മിറ്റി അംഗം എന്ന നിലയിൽ രാഷ്ട്രീയ-സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.
അടുത്തിടെ മരിച്ച നന്ദു മഹാദേവ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് രൂപവത്കരിച്ച അർബുദ രോഗികളുടെ കൂട്ടായ്മയായ അതിജീവനത്തിെൻറ പരിപാടികളുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ബഷീർ. സമൂഹത്തിെൻറ നാനാതുറകളിൽപെട്ടവർ പരേതെൻറ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം മാറഞ്ചേരി വടമുക്ക് കുന്നത് ഖബർസ്ഥാനിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.