മലപ്പുറം ജില്ലയിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsമലപ്പുറം: ജില്ലയിൽ കൊതുകുജന്യ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രിലിൽ കുഴിമണ്ണ പഞ്ചായത്തിലും ജൂണിൽ കാവനൂർ പഞ്ചായത്തിലും ഓരോ മരണം സംഭവിച്ചിട്ടുണ്ട്. ക
ഴിഞ്ഞ മേയ് മുതൽ ഇന്നുവരെ ജില്ലയിൽ 1066 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 1533 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വണ്ടൂർ, മേലാറ്റൂർ എന്നീ ആരോഗ്യ ബ്ലോക്കുകളിലാണ്.
ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നടത്തിയ ഫീൽഡ്തല പരിശോധനയിൽ ജില്ലയിൽ കൊതുക് പെറ്റുപെരുകാൻ സാധ്യത കൂടുതലുള്ളത് അഞ്ച് നഗരസഭ പ്രദേശങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. താനൂർ, തിരൂർ, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കണ്ടെത്തിയത്. ഈ സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. കൂടാതെ വിവിധ നഗരസഭകളിലായി 41 വാർഡുകളിലെ വീടുകളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്ന സാഹചര്യം കണ്ടെത്തിയതായും ഇവിടെ കൊതുകിന്റെ സാന്ദ്രത കൂടുതലാണെന്നും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നടത്തിയ ഫീൽഡ്തല പഠനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾ ഉറവിട നശീകരണം വഴി കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതും കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യണം. കൊതുകുജന്യ രോഗങ്ങൾ തടയാൻ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ ഓഫിസ് സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
ഇവ ശ്രദ്ധിക്കാം
- കൊതുക് പെറ്റുപെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കുക.
- വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കംചെയ്യുക
- മഴയെ തുടർന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞു കൂടിയിട്ടുള്ള കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവയെല്ലാം നീക്കംചെയ്യണം.
- ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിനു പിറകിലുള്ള ട്രേ തുടങ്ങിയവയിലെ വെള്ളം നീക്കം ചെയ്യണം.
- റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് കമഴ്ത്തിവെക്കണം.
- കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും എല്ലാ വീടുകളിലും നടത്തണം.
- സെപ്റ്റിക് ടാങ്കുമായി ബന്ധിച്ച വേസ്റ്റ് പൈപ്പിന്റെ അറ്റം കൊതുകുവല ഉപയോഗിച്ച് മൂടണം.
- കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകുകടിയിൽനിന്ന് രക്ഷതേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.