ഭിന്നശേഷിക്കാർക്ക് ആനുകൂല്യം നിഷേധിക്കുന്നുവെന്ന്; ഐ.സി.ഡി.എസ് സൂപ്പര്‍വൈസറെ തടഞ്ഞ് രക്ഷിതാക്കള്‍
text_fieldsമലപ്പുറം: ഭിന്നശേഷി വിദ്യാർഥികളുടെ ആനുകൂല്യം അനാവശ്യമായി തടഞ്ഞുവെക്കുന്നുവെന്ന പരാതിയുമായി എത്തിയ രക്ഷിതാക്കൾ മലപ്പുറം നഗരസഭ ഐ.സി.ഡി.എസ് സൂപ്പര്‍വൈസറെ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. നഗരസഭക്ക് മുന്നിൽ വെച്ചാണ് രക്ഷിതാക്കൾ തടഞ്ഞത്. മലപ്പുറം നഗരസഭ ഭിന്നശേഷി വിദ്യാർഥികള്‍ക്ക് എല്ലാ വര്‍ഷവും 28,500 രൂപ സ്കോളര്‍ഷിപ് നല്‍കുന്നുണ്ട്.
കഴിഞ്ഞ വർഷം 93 പേർക്കാണ് നഗരസഭ ആനുകൂല്യം നൽകിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിതരണം ചെയ്യുന്ന സ്കോളര്‍ഷിപ് ഇത്ര ദിവസമായിട്ടും ലഭിക്കാതായതോടെയാണ് കാരണം ചോദിച്ച് രക്ഷിതാക്കള്‍ എത്തിയത്. നിരവധി പരാതി ഉയര്‍ന്ന ഐ.സി.ഡി.എസ് സൂപ്പര്‍വൈസർക്കെതിരെ വകുപ്പ് മന്ത്രിക്കും വകുപ്പ് മേധാവികൾക്കും പരാതി നല്‍കാന്‍ ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ബഡ്‌സ് സ്കൂളിലെ രക്ഷിതാക്കളും വിദ്യാർഥികളും ഐ.സി.ഡി.എസ് സൂപ്പര്‍വൈസറെ കാണാനെത്തിയത്.
സര്‍ക്കാര്‍ ചട്ടമാണ് പാലിക്കുന്നതെന്നും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സൂപ്പര്‍വൈസർ അറിയിച്ചു. വര്‍ഷങ്ങളായി മുടങ്ങാതെ കിട്ടിയിരുന്ന ഈ തുക വലിയ ആശ്വാസമായിരുന്നെന്നും ഇത്തവണ മാത്രം തടയുന്നത് എന്താണെന്നുമാണ് രക്ഷിതാക്കളുടെ ചോദ്യം. വര്‍ഷത്തില്‍ 40 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ മാറ്റിവെക്കുന്നത്. വിനോദയാത്ര, യാത്രച്ചെലവ്, പഠനം തുടങ്ങിയവക്ക് ശരാശരി ഒരു കുട്ടിക്ക് 28,500 വീതമാണ് നഗരസഭ നല്‍കുന്നത്.
യാത്രച്ചെലവ്, വിനോദയാത്ര എന്നിവ അധികൃതർ പിടിച്ചാൽ ബാക്കിവരുന്ന 17,500 രൂപയാകും വർഷത്തിൽ കുട്ടികൾക്ക് ലഭിക്കുക. ആനുകൂല്യം മുടങ്ങുന്നതോടെ രക്ഷിതാക്കളും വിദ്യാർഥികളും പ്രയാസത്തിലാകും. നഗരസഭയുടെ വയോജനങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണമടക്കം ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ നിലപാട് കാരണം അനിശ്ചിതത്വത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.