ബയോ മൈനിങ് പദ്ധതി അന്തിമഘട്ടത്തിലേക്ക്
text_fieldsകാരാതോട് പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്ന് ശേഖരിച്ച മാലിന്യം കയറ്റി അയക്കലിന്റെ
ഫ്ലാഗ് ഓഫ് ജില്ല കലക്ടർ വി.ആർ. വിനോദ് നിർവഹിക്കുന്നു
മലപ്പുറം: സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭയിൽ നടപ്പിലാക്കുന്ന ബയോ മൈനിങ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക്. കാരാതോട് പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ടിലെ 4.5 ഏക്കർ ഭൂമിയിൽനിന്ന് 9,786 മെട്രിക് ടൺ മാലിന്യം വേർതിരിച്ചെടുത്ത് ഭൂമി യഥാർഥ രീതിയിലേക്ക് തിരിച്ചെത്തിക്കുന്ന ബയോ മൈനിങ് പദ്ധതിയാണ് മൂന്നാഴ്ചകൊണ്ട് വേഗത്തിൽ പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയത്.
ട്രഞ്ചിങ് ഗ്രൗണ്ടിൽ കുമിഞ്ഞുകൂടിയ മാലിന്യം നാലടി താഴ്ചയിൽ ഉള്ളവ യന്ത്ര സാമഗ്രികൾ കൊണ്ട് കോരിയെടുത്ത് 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിച്ചുകൊണ്ട് കമ്പി, മണൽ, കല്ല് എന്നിങ്ങനെ വേർതിരിക്കുന്ന ആധുനിക മെഷീനറി ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പാക്കുന്നതോടെ മാലിന്യ സംസ്കരണ പ്ലാന്റായി ഉപയോഗിച്ചിരുന്ന ഭൂമി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ തിരിച്ചെടുക്കാനാകും.
കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം 11.40 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ നഗരസഭയിൽ നടപ്പാക്കുന്നത്. ബയോമൈനിങ് പ്രക്രിയ പൂർത്തിയാകുന്നതോടെ തിരികെ ലഭിക്കുന്ന ഭൂമിയിൽ കാലാനുസൃതമായ പദ്ധതികൾ കൊണ്ടുവരാനുള്ള ആസൂത്രണവും നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.
ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ വിവിധ കോർപറേഷൻ, നഗരസഭകളിലായി നടപ്പാക്കുന്ന 22 പദ്ധതികളിൽ ആദ്യമായി പദ്ധതി പൂർത്തീകരിക്കപ്പെടുന്നത് മലപ്പുറം നഗരസഭയിലാണ്. ബയോമൈനിങ് പദ്ധതിയിലൂടെ ശേഖരിച്ച മാലിന്യം തരംതിരിച്ച് സമീപ സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് ഉൾപ്പെടെ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ല കലക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പരി അബ്ദുൽ ഹമീദ്, പി.കെ. സക്കീർ ഹുസൈൻ, മറിയുമ്മ ശരീഫ് കോണോത്തൊടി, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർ സി.കെ. സഹീർ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.