മുങ്ങിയാൽ പിടിവീഴും; കലക്ടറേറ്റിൽ പഞ്ചിങ് ഇന്നുമുതൽ
text_fieldsമലപ്പുറം: ജീവനക്കാരുടെ ഹാജർ നില ബയോമെട്രിക് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കലക്ടറേറ്റിൽ ബുധനാഴ്ച മുതൽ പഞ്ചിങ് സംവിധാനത്തിന് തുടക്കമാകും. റവന്യൂ വകുപ്പിന് കീഴിലാകും ആദ്യഘട്ടത്തിൽ പഞ്ചിങ് നടപ്പാക്കുക. താലൂക്ക്, വില്ലേജ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും.
കലക്ടറുടെ കെട്ടിടം, എ.ഡി.എമ്മിന്റെ കെട്ടിടം എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് പഞ്ചിങ് സംവിധാനം. നിലവിൽ കലക്ടറുടെ കെട്ടിടത്തിൽ പഞ്ചിങ് മെഷീൻ പ്രവർത്തിക്കുന്നുണ്ട്. പഞ്ചിങ് അറ്റൻഡൻസിനുള്ള േഡറ്റ, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. കലക്ടറേറ്റിലെ മറ്റ് സർക്കാർ വകുപ്പുകൾ ചെറിയ ഓഫിസുകളായി വിവിധ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഇക്കാരണത്താൽ ഇവിടങ്ങളിലെ പഞ്ചിങ് കാര്യത്തിൽ ഏകീകരണമായിട്ടില്ല. ഇവിടങ്ങളിൽ അതത് ഡയക്ടറേറ്റുകളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപ്പാക്കുക. നേരത്തേ ജനുവരി ഒന്നുമുതൽ പഞ്ചിങ് നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. യന്ത്രങ്ങൾ സ്ഥാപിക്കുന്നതിലെ കാലതാമസം കാരണം നീളുകയായിരുന്നു. ജനുവരി ആദ്യം മുതൽ സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റിലും പഞ്ചിങ് ഏർപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ കർശന നിർദേശമുണ്ടായിരുന്നു. എന്നാൽ, അതിന് കഴിയാതെവന്നതോടെ ജനുവരി 10നകം നടപ്പാക്കാനായിരുന്നു ആലോചന. സാങ്കേതികപ്രശ്നങ്ങൾ കാരണം ഫെബ്രുവരിയിലേക്ക് നീളുകയായിരുന്നു.
എല്ലാ വകുപ്പിലും ഒന്നിച്ചില്ല
മലപ്പുറം: ജില്ലയിൽ സിവിൽ സ്റ്റേഷനിൽ ഒരേ സമയം എല്ല വകുപ്പിലും പഞ്ചിങ് സംവിധാനം എളുപ്പമാകില്ല. ജില്ലയിൽ കലക്ടറേറ്റിൽ റവന്യൂ വകുപ്പ് ഓഫിസുകൾ ഒഴികെ മറ്റ് ഓഫിസുകൾ വിവിധ ഇടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. മറ്റ് ജില്ലകളിൽ സർക്കാർ ഓഫിസുകളും റവന്യൂ ടവറുകളിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ഒരേ സമയം പഞ്ചിങ് സംവിധാനം സാധ്യമാണ്.
ജില്ലയിൽ സ്ഥിതി വിപരീതമായതിനാൽ ഒരേ സമയം പഞ്ചിങ് സംവിധാനം കൊണ്ടുവരുക പ്രയാസകരമാണ്. ഇക്കാരണത്താലാണ് ബുധനാഴ്ച മുതൽ റവന്യൂ വകുപ്പിന് കീഴിൽ മാത്രമായി പഞ്ചിങ് ആരംഭിക്കാൻ അധികൃതർ നിശ്ചയിച്ചത്. കലക്ടറേറ്റിൽ റവന്യൂ ടവർ വന്നാൽ പ്രശ്നത്തിന് പരിഹാരമാകും. വിഷയത്തിൽ സർക്കാർ അനുമതി ലഭിക്കുന്ന മുറക്കെ റവന്യൂ ടവർ സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.