ഡയാലിസിസ് രോഗികൾക്കായി ബിരിയാണി ചലഞ്ചുമായി 'സ്മാർട്ട്'
text_fieldsമലപ്പുറം: ഡയാലിസിസ് സെന്‍ററിന്റെ പ്രവർത്തനത്തിനാവശ്യമായ ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ചുമായി സന്നദ്ധ സേവന സംഘമായ പടിഞ്ഞാറ്റുംമുറി ശിഹാബ് തങ്ങൾ മൊന്യുമെന്‍റ് ഫോർ അടോപ്പ് റിലീഫ് ട്രീറ്റ്മെന്‍റ് (സ്മാർട്ട്). കൂട്ടിലങ്ങാടി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെയും പങ്കാളികളാക്കിയാണ് ചൊവ്വാഴ്ച ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. നാട് കൈകോർത്തതോടെ ചലഞ്ച് വൻ വിജയമായി. ഒരു ബിരിയാണിക്ക് 100 രൂപ എന്ന നിലയിലും ഫാമിലി പാക്കിന് 500 രൂപ എന്ന നിലയിലുമായിരുന്നു വിൽപ്പന.
പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നായി 30,000ത്തോളം ബുക്കിങ് നേരത്തെ തന്നെ ലഭിച്ചിരുന്നു. 500ഓളം വളണ്ടിയർമാരെ ഉപയോഗിച്ചാണ് നേരത്തെ ബുക്ക് ചെയ്തവർക്ക് ചിക്കൻ ബിരിയാണി എത്തിച്ചത്. ഒരു മണിക്കകം തന്നെ നേരത്തെ ബുക്ക് ചെയ്ത മുഴുവൻ പേർക്കും ബിരിയാണി എത്തിക്കാനായി. 90 ചാക്ക് അരിയാണ് ഇതിനായി ഉപയോഗിച്ചത്. പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലെയും വിവിധ മത, രാഷ്ട്രീയ സംഘടനകൾ, ക്ലബുകൾ, സാംസ്‍കാരിക കൂട്ടായ്മകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പൊതു കൂട്ടായ്മ വാർഡ് തോറും രൂപീകരിച്ചാണ് വീടുവീടാന്തരം ഓർഡറുകൾ സ്വീകരിച്ചത്.
നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് സാധ്യമാക്കുന്നതോടൊപ്പം അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഫിസിയോ തെറപ്പി ക്ലിനിക്, ആംബുലൻസ് സർവിസ്, ഡോക്ടർസ് ഹോം കെയർ, നഴ്സസ് ഹോം കെയർ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റ്, രോഗികളുടെ കുടുംബത്തിന് ഭക്ഷണം, ആഘോഷവേളകളിൽ ഭക്ഷ്യ കിറ്റ്, നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, വിദ്യാഭ്യാസ സാസ്‍കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളും സ്മാർട്ട് നടത്തി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.