തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം
text_fieldsതാനൂർ-വള്ളിക്കുന്ന്-പരപ്പനങ്ങാടി: താനൂരിലും വള്ളിക്കുന്നിലും പരപ്പനങ്ങാടിയിലും ആശങ്കയേറ്റി കള്ളക്കടൽ പ്രതിഭാസം. താനൂരിൽ കടൽ 500 മീറ്ററോളവും വള്ളിക്കുന്നിൽ 60 മീറ്ററോളവും ഉൾവലിഞ്ഞു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം.
താനൂർ തുറമുഖത്തിന് തെക്കാണ് ഉൾവലിയൽ കൂടുതലായി കണ്ടത്. പതിവായി എല്ലാ വർഷവും ഈ വേളയിൽ നേരിയ തോതിൽ കടൽ വലിയൽ ഉണ്ടാകാറുണ്ടെങ്കിലും വ്യാപകമായി ഇതാദ്യമാണ്. ചാപ്പപ്പടി മുതൽ മറ്റു തീരഭാഗങ്ങളിലും ചെറുതായി പ്രതിഭാസം ദൃശ്യമായി. അൽപം തെളിഞ്ഞ കാലാവസ്ഥയിൽ രാവിലെ തൊഴിലാളികൾ മീൻപിടിത്തത്തിന് പുറപ്പെട്ടിരുന്നു. ഉച്ചക്ക് മഴ കനത്തതോടെയും മുന്നറിയിപ്പും കാരണം എല്ലാവരും കരക്ക് കയറി. ഇതിന് ശേഷമാണ് കടലിൽ മാറ്റം കണ്ടത്. തിരമാലകൾ കുറഞ്ഞ് കടൽ വലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞ നിലയിൽ ഏറെ നേരം കാണപ്പെട്ടു.
വള്ളിക്കുന്നിൽ ഞണ്ടും മത്സ്യങ്ങളും ഉൾപ്പെടെ ചത്ത നിലയിൽ കരക്കടിഞ്ഞു. കടലിന്റെ പ്രതിഭാസം കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
പരപ്പനങ്ങാടിയിൽ ചാപ്പപടി തീരത്താണ് അസാമാന്യ പ്രതിഭാസം ഉണ്ടായത്. കരയിൽനിന്ന് കടൽ അകന്നതോടെ തീരത്ത് ചെളി പ്രതലം രൂപപ്പെട്ടു. രാത്രിയോടെ കടൽ പൂർവസ്ഥിതി പ്രാപിച്ചതായി മത്സ്യത്തൊഴിലാളി യൂനിയൻ നേതാവ് പഞ്ചാര മുഹമ്മദ് ബാവ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.