പൊതുസ്ഥലങ്ങളിലെ ബോർഡുകൾ; എല്ലാ മാസവും രണ്ടുതവണ പരിശോധന നടത്തും
text_fieldsമഞ്ചേരി: നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളിലെ ബോർഡുകൾ നീക്കംചെയ്യുന്നതിനായി മാസത്തിൽ രണ്ടുതവണ പരിശോധന നടത്താൻ തീരുമാനം. ചെയർപേഴ്സന്റെ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിലാണിത്. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച ഇതിനായി സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തും.
അനുമതിയില്ലാതെ സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും പൂർണമായും നീക്കംചെയ്യാനും ധാരണയായി. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്.
നിശ്ചിത സമയത്തിനകം നീക്കംചെയ്തില്ലെങ്കിൽ പിഴ അടക്കം ഈടാക്കാനും തീരുമാനിച്ചു. ബോർഡുകൾ നീക്കം ചെയ്യുമ്പോൾ എതിർപ്പുകൾ ഉണ്ടാകുന്ന പക്ഷം പൊലീസിന്റെ സഹായംതേടും.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനതല കമ്മിറ്റികൾ യോഗം ചേരും. ലോകകപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ ക്ലബുകളും ആരാധക കൂട്ടായ്മകളും സ്ഥാപിച്ച ബോർഡുകളും നീക്കം ചെയ്യും.
അതത് വാർഡിലെ കൗൺസിലർമാർ ക്ലബ് പ്രവർത്തകരെ ബന്ധപ്പെട്ട് ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് പി. സതീഷ്കുമാർ, എസ്.ഐ കൃഷ്ണദാസ്, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ പി. അനു, റവന്യൂ ഓഫിസർ പി.എൻ. ഉമ, റവന്യൂ ഇൻസ്പെക്ടർമാരായ എം. അബ്ദുൽ സലാം, അബ്ദുൽ റഷീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സതീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.