സ്തനാർബുദം, ഗർഭാശയമുഖ അർബുദം, വദനാർബുദം: കൂടുതൽ പരിശോധന നിർദേശിക്കപ്പെട്ടത് മലപ്പുറം ജില്ലയിൽ
text_fieldsമലപ്പുറം: സ്തനാർബുദം, ഗർഭാശയമുഖ അർബുദം, വദനാർബുദം എന്നിവയിലായി ശൈലി ആപ്പിലൂടെ ജില്ലയിൽ പരിശോധനക്ക് നിർദേശിക്കപ്പെട്ടത് 1,14,571 പേർ. ഒരു വർഷത്തിനിടെ ആശ വർക്കർമാർ ശൈലി ആപ്പിലൂടെ നടത്തിയ സർവേയിലെയാണ് ഇത്രയും പേരെ പരിശോധനക്കായി നിർദേശിച്ചത്. ആപ്പിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിർദേശിക്കപ്പെട്ടതും മലപ്പുറത്താണ്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ 1,03,286 പേരാണ്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 80,067 പേരും നാലാമതുള്ള കൊല്ലത്ത് 72,063, അഞ്ചാമതുള്ള എറണാകുളത്ത് 70,737 പേരും പരിശോധനക്ക് നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറവുള്ള ഇടുക്കിയിൽ 28,772 പേരാണ് പട്ടികയിലുള്ളത്.
സംസ്ഥാനത്ത് സ്തനാർബുദമാണ് പരിശോധനക്ക് നിർദേശിക്കപ്പെട്ടതിൽ കൂടുതലുള്ളത്. ഈ പട്ടികയിലും മലപ്പുറം തന്നെയാണ് മുന്നിൽ. 92,765 പേരെയാണ് സ്തനാർബുദ സംശയത്തെ തുടർന്ന് പരിശോധനക്ക് നിർദേശിച്ചത്. ഗർഭാശയമുഖ അർബുദത്തിന് 16,136, വദനാർബുദത്തിന് 5,670 പേരെയും ജില്ലയിൽ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ആശ പ്രവർത്തകർ ആളുകളുമായി സംവദിച്ച് പരിശോധനക്ക് നിർദേശം നൽകുന്നത്. ആശ പ്രവർത്തകർ ശൈലി ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ഫീൽഡ് സ്റ്റാഫുകൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട ആളുകളെ നേരിട്ട് സന്ദർശിച്ച് പൊതുജനാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധനയും ചികിത്സയും ഉറപ്പാക്കുകയാണ് രീതി. ആപ്പ് വഴിയുള്ള വിവര ശേഖരത്തിന്റെ രണ്ടാംഘട്ടം 2024 ജനുവരിയിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജില്ല ആരോഗ്യ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.