കൊണ്ടോട്ടി മേഖലയില്‍ ബ്രൗണ്‍ഷുഗര്‍ വേട്ട; ഏഴുപേര്‍ പിടിയില്‍
text_fieldsകൊണ്ടോട്ടി: മേഖലയില്‍ മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറിന്റെ ഉപയോഗവും വില്പനയും വ്യാപകമാകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഏഴുപേര്‍ പിടിയിലായി. കൊണ്ടോട്ടി, പുളിക്കല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് കേസുകളിലായി ചെറുകാവ് മുണ്ടക്കല്‍ സാലിഹ് (32), പൂളക്കോട് മേലേ മാങ്കണ്ടത്തില് അബൂബക്കര്‍ (28), ചേന്ദമംഗല്ലൂര്‍ പാലക്കല്‍ സമീര്‍ (47), മോങ്ങം ചുള്ളിയില്‍ സലാഹുദ്ദീന് (32), അരിമ്പ്ര പിലാതോട്ടത്തില്‍ മുഹമ്മദ് അസ്ലം (27), പുളിക്കല്‍ സ്വദേശി ശമീം (മുന്ന - 41), പുളിക്കല്‍ വാനടി പുറായ് ഷൈജു (50) എന്നിവരാണ് അറസ്റ്റിലായത്.
വില്പനക്കെത്തിച്ച 1.056 ഗ്രാം ബ്രൗണ്‍ഷുഗര്‍ സംഘത്തില്‍ നിന്ന് പിടികൂടി. പുതുവത്സരാഘോഷം മുന്‍നിര്‍ത്തി മൂന്ന് ദിവസങ്ങളിലായി മലപ്പുറം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ.പി. ദിപീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വില്പന സംഘാംഗങ്ങള്‍ പിടിയിലായത്. സംഘത്തിലുള്ള കൂടുതല്‍ പേരെകുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. റേഞ്ച് ഇന്‍സ്പെക്ടര്‍ക്കു പുറമെ എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ നാസര്‍ ഓടക്കല്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.വി. ജ്യോതിഷ് ചന്ദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കൃഷ്ണന് മരുതാടന്‍, സതീഷ് കുമാര്‍, ഷംസുദ്ദീന്, വിനയന്, അനന്തു, രജിലാല്‍ പന്തക്കപറമ്പില്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എസ്. സില്ല. കെ. മായാദേവി, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അറവങ്കരയിലെ ലഹരി വില്പനക്ക് തടയിടണമെന്ന് നാട്ടുകാർ
പൂക്കോട്ടൂര്‍: അറവങ്കര ന്യൂബസാര്‍ കേന്ദ്രീകരിച്ചു നടക്കുന്ന അനധികൃത മദ്യ, മയക്കുമരുന്ന് വില്പന തടയണമെന്നാവശ്യം ശക്തം. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത ലഹരി വില്പന വില്പന സജീവമാണെന്നാണ് നാട്ടുകാരുടെ പരാതി. മദ്യത്തിനും മറ്റു ലഹരി വസ്തുക്കള്‍ക്കുമായി മറ്റിടങ്ങളില്‍ നിന്നുപോലും അന്തർ സംസ്ഥാന തൊഴിലാളികള്‍ ന്യൂബസാറിലെത്തുന്നുണ്ടെന്നും രാത്രി വൈകുന്നതോടെ അങ്ങാടിയും പരിസരവും ഇത്തരക്കാര്‍ നിറയുന്നത് നാട്ടുകാരുടെ സ്വൈരജീവിതത്തിന് വെല്ലുവിളിയാണെന്നും പരാതിയുയരുന്നുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നിർമിക്കുന്ന കെട്ടിടങ്ങളില്‍ യാതൊരു രേഖകളുമില്ലാതെയാണ് ഭൂരിഭാഗം അന്തർ സംസ്ഥാന തൊഴിലാളികളും താമസിക്കുന്നത്. ലഹരിക്കടിപ്പെട്ടവര്‍ വ്യാപകമാകുന്നത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷക്കും ഭീഷണിയാണെന്ന് വ്യാപാരികളും പറയുന്നു.
ഇതിനെതിരെ ജനകീയ കൂട്ടായ്മയൊരുക്കി പ്രതിഷേധിക്കാനൊരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും. നിയമവിരുദ്ധമായി താമസിക്കുന്നവരുടെ കണക്കെടുപ്പ് നടത്തി നടപടി സ്വീകരിക്കാനും ലഹരി വില്പനക്ക് അറുതി വരുത്താനും അധികൃതര്‍ തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറവങ്കര യൂനിറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.