ആവേശം തീർത്ത് 'ശലഭങ്ങൾ' പറന്നിറങ്ങി ബഡ്സ് കലോത്സവം സമാപിച്ചു; വട്ടംകുളം ബഡ്സ് സ്കൂൾ ചാമ്പ്യൻമാർ
text_fieldsമലപ്പുറം: സന്തോഷം ആവേശം തീർത്ത കലാവേദിയിൽ അവർ അതിജീവനത്തിന്‍റെ കലാപ്രകടനങ്ങൾ ഒന്നൊന്നായി നെയ്തെടുത്തപ്പോൾ വേദിയിലും സദസ്സിലും ഒന്നാകെ പ്രതീക്ഷയുടെ ശലഭങ്ങൾ പറന്നിറങ്ങി. ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് വേദിയായ മലപ്പുറം ടൗൺ ഹാളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ബഡ്സ്, ബി.ആർ.സി കലോത്സവം 'ശലഭങ്ങൾ -22'ന് സന്തോഷം നിറഞ്ഞ സമാപനം. കലോത്സവത്തിൽ വട്ടംകുളം ബഡ്സ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
മാറഞ്ചേരി സ്പെക്ട്രം ബഡ്സ് സ്കൂൾ രണ്ടാം സ്ഥാനവും മൂത്തേടം ബി.ആർ.സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വട്ടംകുളം ബഡ്സ് സ്കൂളിലെ പി.ബി. ആദിത്യ കലാപ്രതിഭയും കൊണ്ടോട്ടി ബി.ആർ.സിയിലെ ഫാത്തിമ ഹനിയ കലാതിലകവുമായി. സംഘനൃത്തം, സംഘഗാനം, മിമിക്രി, പ്രച്ഛന്ന വേഷം, കോൽക്കളി എന്നീ ഇനത്തിലായിരുന്നു ബുധനാഴ്ചത്തെ മത്സരങ്ങൾ. ജില്ലയിലെ 43 ബഡ്സ് സ്ഥാപനങ്ങളും 1639 വിദ്യാർഥികളുടെയും വിവിധ ഇനം മത്സരങ്ങളാണ് നടന്നത്.
തുമ്പ, മുല്ല, മന്ദാരം എന്നീ മൂന്ന് വേദികളിലാണ് പരിപാടികൾ. അഞ്ചിനു ശേഷം നടന്ന സമാപന സമ്മേളനം സംസ്ഥാന കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു. ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് വിജയികളെ പ്രഖ്യപിക്കൽ ചടങ്ങ് നടന്നു. വിജയികൾക്കുള്ള സമ്മാന വിതരണം പി.കെ. സൈനബയും ജില്ല മിഷൻ കോഓഡിനേറ്ററും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.