കുടുംബശ്രീ കരുതലിൽ ‘ബഡ്സ്’ സവിശേഷ വിദ്യാലയങ്ങൾ
text_fieldsമലപ്പുറം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി കുടുംബശ്രീ മിഷന്റെ മേൽനോട്ടത്തിലും സഹായത്തിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ബഡ്സ് സവിശേഷ വിദ്യാലയങ്ങളും ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബഡ്സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ജില്ലയിലാണ്. ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലായി 61 ബഡ്സ് സ്ഥാപനങ്ങളാണ് പ്രവർത്തിച്ചുവരുന്നത്. നിലവിലെ കണക്കനുസരിച്ച് 2389 വിദ്യാർഥികൾ ഈ സ്ഥാപനങ്ങളിൽ ആകെ എൻറോൾ ചെയ്തിട്ടുണ്ട്.
പകൽ സമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, വിവിധ തെറപ്പികൾ, തൊഴിൽ പരിശീലനങ്ങൾ, ആരോഗ്യ ക്യാമ്പുകൾ, ഉച്ചഭക്ഷണം, അമ്മമാർക്കും രക്ഷിതാക്കൾക്കും അവബോധ പരിപാടികൾ, പ്രത്യേക ഉപജീവന പരിപാടി, പ്രത്യേക അയൽക്കൂട്ടങ്ങളും പിന്തുണ സഹായങ്ങളും തുടങ്ങിയവയാണ് ബഡ്സ് സ്ഥാപനങ്ങൾ മുഖാന്തരം നൽകി വരുന്ന സേവനങ്ങൾ.
കർമ പരിപാടിയായി ‘ശേഷി’
ജില്ലയിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ ‘ശേഷി’ എന്ന പേരിൽ കർമ പദ്ധതി തുടങ്ങിയിട്ടുണ്ട്.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, പൊതുജന സംഭാവന, സി.എസ്.ആർ ഫണ്ടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ധനസഹായങ്ങൾ ലഭ്യമാക്കാൻ ശ്രമങ്ങളും നടത്തി വരുന്നുണ്ട്. നിലവിൽ 31 സ്ഥാപനങ്ങളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്.
‘ട്രസ്റ്റ് ഷോപ്പു‘കൾ
ബഡ്സ് സ്ഥാപനങ്ങളിലെ മുതിർന്ന വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ സഹായത്തോടെ സ്വയം തൊഴിൽ സംരംഭത്തിന് കുടുംബശ്രീ ധനസഹായം നൽകി വരുന്നുണ്ട്. ബഡ്സ് പ്രത്യേക ഉപജീവന പദ്ധതി എന്ന പേരിൽ 30 സ്ഥാപനങ്ങളിൽ കുടുംബശ്രീ ധനസഹായത്തോടെ യൂനിറ്റുകളും ആരംഭിച്ചിട്ടുണ്ട്. തുണികൊണ്ടുള്ള ചവിട്ടി, പേപ്പർ പേന, നോട്ട് പാഡ്, പേപ്പർ ക്യാരി ബാഗ്, ക്ലീനിങ് ഉൽപ്പന്നങ്ങൾ, ക്രാഫ്റ്റ് ഉൽപന്നങ്ങൾ, കുട, ചന്ദനത്തിരി എന്നിവയാണ് പ്രധാനമായും നിർമിക്കുന്ന ഉൽപന്നങ്ങൾ. ഈ ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിനും വിപണനം ചെയ്യാനുമായി കുടുംബശ്രീ ജില്ല മിഷന്റെ ആശയമാണ് ‘ട്രസ്റ്റ് ഷോപ്പ്’. ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള ആളില്ലാകടകളാണ് ട്രസ്റ്റ് ഷോപ്പുകൾ. നിലവിൽ കലക്ടറേറ്റ് ഉൾപ്പെടെ ഒമ്പത് കേന്ദ്രങ്ങളിൽ ബഡ്സ് ട്രസ്റ്റ് ഷോപ്പുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.