122 വർഷം മുമ്പുള്ള ഭൂമികുലുക്ക രേഖ മേലാക്കം പള്ളിയിൽ
text_fieldsമഞ്ചേരി: 122 വർഷം മുമ്പുള്ള ഭൂമികുലുക്കത്തിന്‍റെ വിവരങ്ങളടങ്ങിയ രേഖ മഞ്ചേരി മേലാക്കം പള്ളിയിൽനിന്ന് കണ്ടെത്തി. 1900 ഫെബ്രുവരി ഏഴിന് മലബാറിലുണ്ടായ ഭൂമികുലുക്കം സംബന്ധിച്ച വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചരിത്രഗവേഷകനായ ആനക്കയം സ്വദേശി ഒ.സി. സക്കരിയയാണ് പള്ളിയുടെ അകത്തെ അലമാരയുടെ ഉൾവശത്ത് പതിപ്പിച്ച രേഖ കണ്ടെത്തിയത്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, അറബിമലയാളത്തിലുള്ള കൈയെഴുത്താണിത്. പള്ളിയിലെ പാരമ്പര്യ ഖാദിമാരായിരുന്ന മുസ്ലിയാരകത്ത് മഖ്ദൂം കുടുംബത്തിലെ പണ്ഡിതനും കവിയുമായിരുന്ന അബൂബക്കർ എന്ന ഉണ്ണിപ്പോക്കർ മുസ്ലിയാർ എഴുതിവെച്ചതാണ് ഈ ചരിത്രശകലങ്ങൾ. 1914ൽ മരിച്ച ഉണ്ണിപ്പോക്കർ മുസ്ലിയാർ ദീർഘകാലം പള്ളിയിലെ ഖാദിയായിരുന്നു. മലബാറിലുണ്ടായ മതസാമൂഹിക രംഗത്തെ ഒട്ടേറെ വിവരങ്ങളും കുറിപ്പിലുണ്ട്. പള്ളിയുടെ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.
പയ്യനാട് പള്ളിയിൽനിന്ന് പിരിഞ്ഞ് 1847ൽ നിർമിക്കപ്പെട്ട മേലാക്കം പള്ളിയാണ് മഞ്ചേരിക്കാരുടെ ആദ്യ ജുമാ മസ്ജിദ്. മമ്പുറം ഫസൽ തങ്ങൾ കുറ്റിയടിച്ച ഈ പള്ളിയുടെ ആവിർഭാവത്തിന്‍റെ ചരിത്രം പറയുന്ന ആധികാരിക രേഖയാണിത്. പള്ളിയുടെ നിർമാണത്തിന് നേതൃത്വം കൊടുത്തത് പ്രമാണിയും അക്കാലത്തെ ഏറനാട് തഹസിൽദാറുമായിരുന്ന അണ്ടിക്കാട്ടിൽ കുട്ടിമൂസ എന്ന കുട്ടൂസ തഹസിൽദാറായിരുന്നു. അദ്ദേഹം പള്ളിയുടെ ഉടമാവകാശം മമ്പുറം ഫസൽ തങ്ങൾക്ക് നൽകുകയും അദ്ദേഹം പള്ളിയാക്കി വഖഫ് ചെയ്യുകയും ഹിജ്റ 1263 മുഹർറം 14ന് ഫസൽ തങ്ങൾ പള്ളിയിൽ വന്ന് പള്ളിക്ക് 'മൗലാ ഖൈല' എന്ന് നാമകരണം ചെയ്തെന്നുമാണ് രേഖയിൽ പറയുന്നത്.
പള്ളിനിർമാണത്തിലേക്ക് വെളിച്ചം വീശുന്ന അറബിമലയാളത്തിൽ എഴുതിയ കുറിപ്പ് ഇങ്ങനെ: ''ഈ പള്ളി ആദ്യം ഉണ്ടാക്കിയത് കുട്ടൂസ തഹസിൽദാർ ആകുന്നു. മലയാള കൊല്ലം 1022ൽ ആകുന്നു. ഇതിനെ അയാൾ സയ്യിദ് ഫള്ൽ പൂക്കോയ അവർകൾക്ക് ഉടമ കൊടുത്തു. അവരാകുന്നു പള്ളിയാക്കി വഖ്ഫ് ചെയ്തത്.
ഹിജ്റ 1263 മുഹർറം 14 ശനിയാഴ്ച സയ്യിദുൽ ഹബീബ് ഫള്ൽ ബ്നു ഔസ് അലവി തങ്ങൾ ഇവിടെ വന്നു. ഈ പള്ളിക്ക് 'മസ്ജിദു അൽ മൗല ഖൈല' എന്ന് പേര് വിളിച്ചിരിക്കുന്നു. അവരെ 1248ലെ റജബിൽ ആകുന്നു പെറ്റത്. അവരുടെ ബാപ്പ ഖുതുബുൽ ഔലിയ അയാ ഹബീബ് അലവി തങ്ങളെ 1217ൽ ആകുന്നു പെറ്റത്. 1260 മുഹർറം ഏഴാം രാവിലാകുന്നു അവർ മൗത്തായത്. മമ്പുറത്താകുന്നു അവരുടെ ഖബർ'' എന്നിങ്ങനെ പോകുന്നു വരികൾ.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ ഉറക്കം കെടുത്തിയ മമ്പുറം ഫസൽ പൂക്കോയ തങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമായി നിൽക്കുന്ന മേലാക്കം ജുമാ മസ്ജിദിന് പഴമയുടെ പ്രൗഢിയും തനിമയും നഷ്ടപ്പെട്ടുവെങ്കിലും ഉണ്ണിപ്പോക്കർ മുസ്ലിയാർ എഴുതിവെച്ച ചരിത്രരേഖ ഒരു കാലഘട്ടത്തിന്‍റെ ദീപ്തസ്മരണകളായി ഇന്നും പള്ളിയിൽ സൂക്ഷിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.