സര്‍വകലാശാല ക്വാര്‍ട്ടേഴ്സുകളിലെ മോഷണം; അന്വേഷണം വഴിമുട്ടി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ക്വാര്‍ട്ടേഴ്സുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസുകളില്‍ അന്വേഷണം വഴിമുട്ടി. കാമ്പസിലെ രണ്ട് ക്വാര്‍ട്ടേഴ്സുകളിലാണ് ഒടുവിൽ മോഷണം നടന്നത്. 17.5 പവന്റെ സ്വര്‍ണാഭരണങ്ങളും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഓഡിറ്റ് വിഭാഗം ജീവനക്കാരൻ അരീക്കോട് സ്വദേശി നിതീഷ് രാജിന്റെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് 17.5 പവനും 6,000 രൂപയും നഷ്ടപ്പെട്ടത്. അക്കൗണ്ട്സ് വിഭാഗം ജീവനക്കാരന് അനില്‍കുമാറിന്റെ ക്വാര്‍ട്ടേഴ്സില്‍നിന്ന് 4,000 രൂപയും കവര്‍ന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. പ്രദേശത്ത് സി.സി ടി.വി കാമറകളില്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായി.
തേഞ്ഞിപ്പലം ഇല്ലത്ത് സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന ദേവതിയാല്‍ സ്വദേശി കാടശ്ശേരി വീട്ടില്‍ നായാടിയുടെ മകന് ഹരിദാസന്റെ മരുമകളുടെ 15 പവനോളം ആഭരണങ്ങള്‍ പട്ടാപ്പകല്‍ മോഷ്ടിച്ചാണ് മേഖലയില്‍ തസ്കരശല്യം തുടങ്ങുന്നത്. ഇതിന് ശേഷം സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. പട്ടാപ്പകല്‍ സര്‍വകലാശാല ജീവനക്കാരനായ നസീമുദ്ദീനും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ കയറി 2,000 രൂപയും കവർന്നു. ഈ സംഭവങ്ങള്‍ നടന്ന് മാസങ്ങള്‍ക്കുശേഷം സ്ഥിരം മോഷ്ടാവ് മാടന്ജിത്തു പിടിയിലായി. ഇതോടെ സാമൂഹികവിരുദ്ധശല്യം ഇല്ലാതായെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് മറ്റൊരു മോഷണം നടന്നത്.
സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട ഈ സംഭവത്തിന് ദിവസങ്ങള്‍ കഴിഞ്ഞ് തേഞ്ഞിപ്പലം സഹകരണ ബാങ്കിലും മോഷണശ്രമമുണ്ടായി. തൊട്ടുപിന്നാലെയാണ് കാമ്പസിലെ ക്വാര്‍ട്ടേഴ്സുകളില്‍നിന്ന് പട്ടാപ്പകല്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ഈ സംഭവത്തോടെ ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങുകയും സര്‍വകലാശാല അധികൃതര്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും സുരക്ഷ ജീവനക്കാരുടെയും പൊലീസിന്റെയും പട്രോളിങ് ശക്തമാക്കുകയുമായിരുന്നു. എന്നാല്‍, വിദഗ്ധമായി മോഷണം നടത്തി രക്ഷപ്പെട്ടവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
രണ്ട് കടകളിൽ കവർച്ച
പരപ്പനങ്ങാടി: ചിറമംഗലം പെട്രോൾ പമ്പിന് സമീപത്തെ രണ്ട് കടകളിൽ മോഷണം. പണവും വാച്ചും നഷ്ടപ്പെട്ടു. രാജാ ഓട്ടോ ഇലക്ട്രിക്കൽസിന്റെ ഗ്രിൽ തകർത്ത് 5000 രൂപ വിലവരുന്ന വാച്ചും പണവും കവർന്നു. സമീപത്തെ ചായക്കടയിൽനിന്ന് 2500 രൂപയും നഷ്ടമായി. രണ്ടു മോഷണത്തിനു പിന്നിലും ഒരേ വ്യക്തിയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.