ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫിന് നേട്ടം
text_fieldsഎൻ.എം. രാജൻ (തൃക്കലങ്ങോട്, യു.ഡി.എഫ്), കെ.ടി. ലൈല ജലീൽ (മരത്താണി, യു.ഡി.എഫ്), പി.എ. ഫൈസൽ മോൻ (കരുവമ്പ്രം, യു.ഡി.എഫ്), അബ്ദുറഹ്മാൻ (പെരുമുക്ക്, എൽ.ഡി.എഫ്)
റഹ്മാൻ (പെരുമുക്ക്, എൽ.ഡി.എഫ്)അബ്ദു
റഹ്മാൻ (പെരുമുക്ക്, എൽ.ഡി.എഫ്)
മഞ്ചേരി: ജില്ലയിലെ നാലിടങ്ങളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. നാല് സീറ്റിൽ മൂന്നെണ്ണവും വിജയിച്ച് യു.ഡി.എഫ് കരുത്തുകാട്ടി. രണ്ട് സീറ്റ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. മഞ്ചേരി നഗരസഭയിലെ 49ാം വാർഡ് കരുവമ്പ്രം, തൃക്കലങ്ങോട് പഞ്ചായത്തിലെ 21ാം വാർഡ് മരത്താണി എന്നിവയാണ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തത്.
ജില്ല പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ നിലനിർത്തിയപ്പോൾ ഭൂരിപക്ഷം അഞ്ചിരട്ടിയാക്കി വർധിപ്പിച്ചു. ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാര്ഡ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫും പിടിച്ചെടുത്തു. കരുവമ്പ്രം വാർഡിൽ 40 വർഷത്തെ എൽ.ഡി.എഫ് കുത്തക തകർത്തെറിഞ്ഞാണ് യു.ഡി.എഫ് വിജയം.
എൽ.ഡി.എഫിലെ സി. വിബിനെ 43 വോട്ടുകൾക്ക് യു.ഡി.എഫിലെ പി.എ. ഫൈസൽ മോനാണ് പരാജയപ്പെടുത്തിയത്. കൗൺസിലറായിരുന്ന പി. വിശ്വനാഥനെ ഇരട്ട പദവി ആനുകൂല്യം കൈപറ്റിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മരത്താണി വാർഡിൽ 520 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫിലെ കെ.ടി. ലൈല ജലീൽ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി പി. ദിവ്യയെയാണ് പരാജയപ്പെടുത്തിയത്. വാർഡ് മെംബറായിരുന്ന അജിത കലങ്ങോടിപറമ്പ് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ജില്ല പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനിൽ ഭൂരിപക്ഷം കുത്തനെ ഉയർത്തിയാണ് എ.പി. ഉണ്ണികൃഷ്ണന്റെ പിൻഗാമിയായി എൻ.എം. രാജൻ തെരഞ്ഞെടുക്കപ്പെട്ടത്. 6786 വോട്ടിന്റെ ഭൂരിക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ.സി. ബാബുരാജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 1661 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്.
ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ പെരുമുക്ക് വാർഡ് 18ൽ എൽ.ഡി.എഫിന് തകർപ്പൻ വിജയം. 410 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം സ്ഥാനാർഥി അബ്ദു റഹ്മാൻ കോൺഗ്രസിൽനിന്ന് വാർഡ് തിരിച്ചുപിടിച്ചത്. യു.ഡി.എഫിലെ അലി പരുവിങ്ങലിനെയാണ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ചതോടെ ആലങ്കോട് പഞ്ചായത്തിൽ എൽ.ഡി.എഫിന് 11, യു.ഡി.എഫിന് എട്ട് എന്ന സീറ്റ് നിലയിലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.