കാലിക്കറ്റ് സർവകലാശാല അത്ലറ്റിക് മീറ്റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബഹുദൂരം മുന്നിൽ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സർവകലാശാല അന്തർകലാലയ അത്ലറ്റിക് മീറ്റ് വെള്ളിയാഴ്ച സമാപിക്കാനിരിക്കെ കിരീടത്തിന് എതിരാളികളില്ലാതെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്.
മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്ന രണ്ടാംദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണവും 11 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കി 149 പോയേൻറാടെയാണ് ഇവരുടെ ഏകപക്ഷീയ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള തൃശൂർ സെൻറ് തോമസ് കോളജിന് നാല് സ്വർണവും അഞ്ച് വെങ്കലവുമായി 35 പോയൻറാണുള്ളത്. നാല് സ്വർണവും ഒരു വെള്ളിയും അഞ്ച് വെങ്കലവും നേടി 33 പോയേൻറാടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജാണ് മൂന്നാമത്.
റെക്കോഡ് വനിതകൾ
മീറ്റിലെ ആദ്യ റെക്കോഡ് വ്യാഴാഴ്ച രാവിലെ വനിത ലോങ് ജംപിൽ ക്രൈസ്റ്റിലെ സാന്ദ്ര ബാബു കുറിച്ചു. 6.05 മീറ്റർ ചാടിയ സാന്ദ്ര പിറകിലാക്കിയത് 2004 -05ൽ സെൻറ് മേരീസിലെ എം.എ. പ്രജുഷ സ്ഥാപിച്ച 5.97 മീറ്റർ. ഉച്ചക്ക് ശേഷമായിരുന്നു മറ്റു രണ്ടെണ്ണം. വനിത പോൾവാൾട്ടിൽ തൃശൂർ സെൻറ് തോമസിലെ സി. അനശ്വര 3.45 മീറ്റർ ചാടി. 2020ൽ ക്രൈസ്റ്റിലെ അഞ്ജലി ഫ്രാൻസിസിെൻറ 3.35 മീറ്റർ ഉയരമായിരുന്നു നിലവിലെ റെക്കോഡ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ക്രൈസ്റ്റിെൻറ ആർ. ആരതി 1.044 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ 2002 -03ൽ തൃശൂർ സെൻറ് മേരീസ് കോളജിലെ കെ.ജെ. വിജിലയുടെ 1.008 മിനിറ്റ് സമയം റെക്കോഡ് ബുക്കിൽനിന്ന് നീങ്ങി.
ട്രാൻസ്െജൻഡറിൽ ജിത്തുവും ചാരുനേത്രയും
ട്രാൻസ്െജൻഡർ വിഭാഗത്തിൽ മൂന്ന് മത്സരങ്ങളാണ് നടന്നത്. 200 മീറ്ററിലും ഷോട്ട്പുട്ടിലും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ ജിത്തു പ്രേമൻ (അനാമിക) സ്വർണം നേടി. തൃശൂർ ശ്രീ അച്യുത മേനോൻ ഗവ. കോളജിലെ വി.എസ്. ചാരുനേത്രക്കാണ് വെള്ളി. ലോങ് ജംപിൽ അനാമികയെ രണ്ടാമതാക്കി ചാരു സ്വർണവും നേടി. 13 പോയേൻറാടെ മലബാർ ക്രിസ്ത്യൻ കോളജാണ് ഈ വിഭാഗത്തിൽ മുന്നിൽ.
ഡബ്ളടിച്ച് അഞ്ചുപേർ
തൃശൂർ സെൻറ് തോമസ് കോളജിലെ ആൻ റോസ് ടോമി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാന്ദ്ര ബാബു, മേഘ മറിയം മാത്യു, ആർ. ആരതി, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ അനാമിക (ജിത്തു പ്രേമൻ) എന്നിവർ ഇരട്ട സ്വർണം നേടി. ആൻ റോസ് വനിതകളുടെ 100 മീറ്ററിലും 100 മീറ്റർ ഹർഡിൽസിലും, മേഘ വനിതകളുടെ ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും, സാന്ദ്ര ബാബു വനിതകളുടെ ലോങ് ജംപിലും ട്രിപ്ൾ ജംപിലും, ആരതി വനിതകളുടെ 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ഇരട്ട നേട്ടം കൈവരിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിലാണ് അനാമികക്ക് ഡബ്ൾ. ഷോട്ട്പുട്ടിലും 200 മീറ്ററിലും ഇവർ സ്വർണം നേടി.
റിലേയിൽ ക്രൈസ്റ്റും ശ്രീകൃഷ്ണയും
പുരുഷ, വനിത 4x100 മീറ്റർ റിലേയായിരുന്നു വ്യാഴാഴ്ചത്തെ ഗ്ലാമർ ഇനങ്ങളിലൊന്ന്. വനിതകളിൽ 50.41 സെക്കൻഡിൽ പൂർത്തിയാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഹിമ, നന്ദന, ശിൽപ, അമീന എന്നിവരടങ്ങിയ ടീം ഒന്നാമതെത്തി. പാലക്കാട് മേഴ്സി കോളജിനാണ് രണ്ടാം സ്ഥാനം.
തൃശൂർ വിമല കോളജ് വെങ്കലം നേടി. പുരുഷന്മാരിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിനാണ് സ്വർണം. മുഹമ്മദ് ഉവൈസ്, അനന്ദു സൂര്യ, മുഹമ്മദ് സജീൻ, ടി. ആദർശ് എന്നിവരായിരുന്നു സംഘത്തിൽ. 42.17 സെക്കൻഡിലായിരുന്നു ഫിനിഷ്. ക്രൈസ്റ്റ് രണ്ടും പാലക്കാട് വിക്ടോറിയ മൂന്നും സ്ഥാനം നേടി.
വീണിടത്തുനിന്ന് അനശ്വരയുടെ തിരിച്ചുവരവ്, റെക്കോഡോടെ
തേഞ്ഞിപ്പലം: ഇങ്ങനെയൊരു തിരിച്ചുവരവ് സി. അനശ്വരക്ക് സ്വപ്നതുല്യമാണ്. ഒഡിഷയിൽ 2019 -20 ഖേലോ ഇന്ത്യ പോൾവാൾട്ടിൽ പരിക്കേറ്റ് മടങ്ങുമ്പോൾ ഉള്ള് നിറയെ ആധിയായിരുന്നു. പോൾവാൾട്ട് ബെഡിനിടയിൽ കാൽ കുടുങ്ങിയതോടെ ശസ്ത്രക്രിയ വേണ്ടിവന്നു. പിന്നെ ഒരു വർഷത്തെ വിശ്രമം. പരിശീലകൻ വി.വി. ജീഷ്കുമാറിെൻറ പ്രോത്സാഹനം മരുന്നാക്കി അനശ്വര മടങ്ങിയെത്തി.
2019 -20ൽ അഞ്ജലി ഫ്രാൻസിസ് സ്വന്തമാക്കിയ 3.35 മീറ്റർ ഉയരം മറികടക്കാൻ 3.45 മീറ്ററിന് വേണ്ടി ചാടി. ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടു. മൂന്നാം ശ്രമത്തിൽ റെക്കോഡ്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയായ അനശ്വര തൃശൂർ സെൻറ് തോമസ് കോളജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. സെൻറ് തോമസിലെ ഷാനിമോൾ വെള്ളി നേടി. റെക്കോഡുകാരി അഞ്ജലി ഫ്രാൻസിസ് മൂന്നാം സ്ഥാനത്തായി.
രണ്ട് പതിറ്റാണ്ടിലേക്കടുക്കവെ ട്രാക്കിൽ ആരതിയുടെ തിരുത്ത്
തേഞ്ഞിപ്പലം: വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിെൻറ ആർ. ആരതിയുെട കുതിപ്പ് അവസാനിച്ചത് റെക്കോഡിൽ. 2002 -03ൽ തൃശൂർ സെൻറ് മേരീസ് കോളജിലെ കെ.ജെ. വിജില 1.0080 മിനിറ്റിൽ ഫിനിഷ് ചെയ്തിരുന്നു. ഇത് 1.0044 മിനിറ്റാക്കി പുതുക്കി ആരതി. പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ എൻ. സനക്കാണ് വെള്ളി. ക്രൈസ്റ്റിലെ ദിവ്യ ഭാരതി വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.