എന്ന് തുറക്കും, കാലിക്കറ്റ് കാമ്പസിൽ കാമറക്കണ്ണുകൾ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയായില്ല. സർവകലാശാല ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മോഷണവും സാമൂഹിക വിരുദ്ധ ശല്യവും പതിവായതോടെയാണ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. ആവശ്യം ഉന്നയിച്ച് ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കാമ്പസിലെ 60ഓളം സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനമായത്.
നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത് അടക്കമുള്ള പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുകയും തുക കൈമാറുകയും ചെയ്തിട്ടുണ്ടെന്നാണ് സർവകലാശാല എൻജിനീയറിങ് വിഭാഗം പറയുന്നത്. എന്നാൽ, മാസങ്ങളായിട്ടും നടപടി വൈകുന്നതിൽ ജീവനക്കാർക്കിടയിൽ വീണ്ടും പ്രതിഷേധമുയർന്നിരിക്കുകയാണ്. കാമ്പസിൽ സി.സി.ടി.വി കാമറകളുണ്ടെന്ന തരത്തിൽ രജിസ്ട്രാറുടെ അറിയിപ്പെന്ന നിലയിൽ ബോർഡുകൾ സ്ഥാപിച്ചാൽ മാത്രം നിരീക്ഷണമാകുമോ എന്നാണ് ജീവനക്കാരുടെ ചോദ്യം. കാമ്പസിലെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മോഷണം ആവർത്തിച്ചപ്പോഴെല്ലാം നിരീക്ഷണ കാമറകളില്ലാത്തതാണ് അന്വേഷണത്തിന് പരിമിതിയായത്. ഇക്കാര്യം തേഞ്ഞിപ്പലം പൊലീസും ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.