പ്രവാസിക്ക് ജോലിസ്ഥലത്തേക്ക് വഴികാണിക്കാമോ?
text_fieldsമലപ്പുറം: പ്രവാസികൾ നാടിെൻറ നെട്ടല്ലാണ്, പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന് തുണയാകുന്നവരാണ് തുടങ്ങി പ്രവാസി സമൂഹത്തെ അഭിനന്ദിച്ച് രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ പുകഴ്ത്തിപ്പറയുന്ന വാചകങ്ങൾ ഏറെയാണ്. എന്നാൽ, പ്രവാസികൾ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ ഇവർക്ക്് ആരാണ് തുണയാകാറുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ യാത്രയുമായി ബന്ധപ്പെട്ട് വിവിധ പ്രതിസന്ധികളിലൂടെയാണ് പ്രവാസി സമൂഹം കടന്നുപോകുന്നത്. അവധിക്ക് നാട്ടിൽ വന്ന് തിരിച്ചുപോകാൻ സാധിക്കാതെ നട്ടംതിരിയുകയാണിപ്പോൾ ഇവർ. വിവിധ രാജ്യങ്ങൾ വഴി യഥാർഥ നിരക്കിെൻറ എത്രയോ മടങ്ങ് നൽകിയാണ് യാത്ര. അതും നിരന്തര ശ്രമങ്ങൾക്ക് ഒടുവിൽ.
കുറച്ച് മാസങ്ങളായി പ്രവാസികളുടെ യാത്ര വിവിധ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ്. ഒാരോ രാജ്യത്തുമെത്തി ക്വാറൻറീൻ കാലാവധി പൂർത്തിയാക്കുന്നതിനിടെ നിയമങ്ങളും മാനദണ്ഡങ്ങളും മാറുന്നു. ഇതോടെ, വൻതുക നൽകി ആരംഭിച്ച യാത്ര പാതിവഴിയിൽ മുടങ്ങുന്നു. വീണ്ടും നാട്ടിലേക്ക്. പിന്നീട് അടുത്ത വഴിയിലൂടെ ഒരിക്കൽ കൂടി തിരിച്ചെത്താൻ ശ്രമം.
നിലവിൽ സൗദി, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് ഉസ്ബകിസ്താൻ, ഇത്യോപ്യ, അർമീനിയ, യുെക്രയ്ൻ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങൾ വഴിയാണ് യാത്ര. സൗദിയിലേക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ് യാത്രെച്ചലവ്. മറ്റിടങ്ങളിലേക്ക് ഒന്നര ലക്ഷത്തിന് താഴെയും. ഇത്യോപ്യയിലും യു.എ.ഇയിലും വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയതോടെ സൗദിയിലേക്ക് എത്താനുള്ള വഴികൾ ഒാരോന്നായി അടയുകയാണ്. മാലി വഴി നിയന്ത്രണം വരുന്നതോടെ നേപ്പാൾ വഴി. ഇതും അടയുേമ്പാൾ ഇത്യോപ്യയിലൂടെ. ഇതിനും സാധിക്കാതെ വരുന്നതോടെ ഉസ്ബകിസ്താനിലൂടെ. ഒന്നിലധികം രാജ്യങ്ങളുെട വിസ എടുത്തവർ വരെയുണ്ട്.
ഏറ്റവും ദുരിതം സൗദിയിലെത്താൻ
മലപ്പുറം ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ പ്രവാസികളുള്ള സൗദിയിലേക്ക് തിരിച്ചെത്തുന്നതിനാണ് ഏറ്റവും പ്രയാസം. കഴിഞ്ഞ വർഷം മാർച്ച് മുതൽ സൗദി അറേബ്യയിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാനമില്ല. ആരോഗ്യപ്രവർത്തകർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും മാത്രമാണ് നിലവിൽ സൗദിയിലേക്ക് നേരിട്ട് പറക്കാൻ സാധിക്കുന്നത്. മറ്റു രാജ്യങ്ങളുമായെല്ലാം കേന്ദ്രം എയർ ബബ്ൾ കരാറുണ്ടാക്കിയെങ്കിലും സൗദിയിലേക്ക് മാത്രമില്ല. ഉടൻ പരിഹാരമാകുമെന്നാണ് വിഷയത്തിൽ കേന്ദ്രം നൽകുന്ന മറുപടി. ഇപ്പോൾ വിവിധ രാജ്യങ്ങൾ വഴിയാണ് സൗദിയിലേക്ക് മടങ്ങുന്നത്. 14 ദിവസം ആ രാജ്യത്ത് ക്വാറൻറീൻ പൂർത്തിയാക്കി കോവിഡില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് യാത്രക്ക് അംഗീകാരം കിട്ടുന്നത്.
ഒാരോ രാജ്യങ്ങൾ വഴിയും മടക്കയാത്ര ആരംഭിക്കുന്നതിനിടെ അതുവഴി നിയന്ത്രണം വരുന്ന അവസ്ഥയാണ്. ഒടുവിൽ ഇത്യോപ്യ വഴിയായിരുന്നു വിവിധ ട്രാവൽ ഏജൻസികൾ സൗദിയിലേക്ക് കൊണ്ടുപോയിരുന്നത്. ഞായറാഴ്ച മുതൽ ഇത്യേപ്യയിൽനിന്നും യു.എ.ഇയിൽനിന്നുമുള്ളവർക്ക് സൗദി വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. സൗദിയുടെ അത്ര പ്രയാസമില്ലെങ്കിലും യു.എ.ഇയിലേക്കും ഒമാനിലേക്കും സമാനമായ രീതിയിൽ തന്നെയാണ് മടക്കം. കുവൈത്തിലേക്ക് ഇന്ത്യക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ദിവസങ്ങളായി. മറ്റു രാജ്യങ്ങൾ വഴിയും അങ്ങോട്ട് എത്താൻ സാധ്യമല്ല.
ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഉറപ്പില്ല
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങൾ വഴി യാത്ര ആരംഭിച്ച് പാതിവഴിയിൽ മടങ്ങിയത് നിരവധി പേരാണ്. ദുബൈ, മാലി, നേപ്പാൾ എന്നിവിടങ്ങളിൽ മലപ്പുറം ജില്ലക്കാർ ഉൾപ്പെെട അകപ്പെട്ടത് ഒരുപാട് മലയാളികളാണ്. ചിലരുെട യാത്ര മുടങ്ങിയത് ക്വാറൻറീൻ കാലാവധി പൂർത്തിയാക്കാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ്. ഇതിനിടെ നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെയാണ് ഇവർക്ക് േപാകാൻ സാധിക്കാതെ വന്നത്. ഒടുവിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ, ഇതിനായി ചെലവഴിച്ച പണവും നഷ്ടമായി.
േനരിട്ട് പറ്റില്ല, മറ്റു രാജ്യങ്ങൾ വഴി വരാം
സൗദി, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വരാൻ പറ്റില്ല. പക്ഷേ, ഇതേ ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങൾ വഴി തിരിച്ചെത്താം. ഇതിന് ഒരു തടസ്സവുമില്ല. എമിഗ്രേഷൻ പരിശോധനയിൽ പാസ്പോർട്ട് നൽകുേമ്പാൾ തങ്ങൾ ഇന്ത്യക്കാരനാണെന്ന് വ്യക്തമാകില്ലേ എന്നാണ് പ്രവാസികൾ ചോദിക്കുന്നത്. സമാനമായ ക്വാറൻറീനും നിയന്ത്രണങ്ങളും അതത് രാജ്യങ്ങളിൽ ഏർപ്പെടുത്തിയാൽ യാത്രച്ചെലവ് കുറയുകയും ബന്ധപ്പെട്ട രാജ്യങ്ങൾക്ക് വരുമാനം വർധിക്കുകയും ചെയ്യും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
നേരിട്ട് യാത്രാനുമതിയുള്ളത് ഖത്തറിലേക്കും ബഹ്റൈനിലേക്കും
നിലവിൽ ഇന്ത്യയിൽനിന്ന് നേരിട്ട് വിമാനമുള്ളത് ഖത്തറിേലക്കും ബഹ്റൈനിലേക്കും മാത്രമാണ്. റെസിഡൻറ് വിസയുള്ളവർക്ക് ഇരു രാജ്യങ്ങളിലേക്കും അനുമതിയുള്ള സന്ദർശക വിസയിൽ നിലവിൽ അനുമതിയില്ല. ഇതിനായി ഇരു രാജ്യങ്ങളും ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പാലിച്ചാണ് റെസിഡൻറ് വിസക്കാർക്ക് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, യു.എ.ഇയിലേക്ക് ഗോൾഡൻ വിസയും ഇൻവെസ്റ്റർ വിസയുമുള്ളവർക്ക് യാത്രാനുമതിയുണ്ട്. എയർ അറേബ്യ വിമാനത്തിൽ കഴിഞ്ഞ ദിവസവും ഇതേ രീതിയിൽ നാലുപേർ പോയിരുന്നു.
പ്രതിസന്ധിയിൽ കുടുംബങ്ങളും
മടക്കയാത്ര അനന്തമായി നീളുന്നതോടെ പ്രവാസികളെ ആശ്രയിച്ചിരുന്ന കുടുംബങ്ങളെയും പ്രതിസന്ധി ബാധിക്കുന്നു. കുടുംബത്തിെൻറ പ്രധാന വരുമാന മാർഗമാണ് ഇതോടെ മുടങ്ങിയിരിക്കുന്നത്. ചിലരെല്ലാം ഇവിടെ ചെറിയ ജോലികൾ ചെയ്യുന്നു. കുറച്ചുപേർ ചെറിയ സംരംഭങ്ങളെല്ലാം തുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക പേരും ഒരു നിവൃത്തിയുമില്ലാതെ വരുേമ്പാഴാണ് പലയിടങ്ങളിൽ നിന്നും കടംവാങ്ങിയും സ്വർണം പണയം വെച്ചും േജാലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നത്. കഴിഞ്ഞ ദിവസം ഗൾഫിലേക്ക് പോകുന്നതിനായി യാത്രക്കാരൻ നൽകിയ ടിക്കറ്റിെൻറ തുക ബാങ്കിൽ അടച്ചതിെൻറ രസീതിനൊപ്പം ബാങ്കിൽ സ്വർണം പണയം വെച്ചതിെൻറ കടലാസും അബദ്ധത്തിൽ ലഭിച്ചുവെന്ന് ട്രാവൽ ഉടമ പറയുന്നു. എങ്ങനെയെങ്കിലും ജോലിസ്ഥലത്തേക്ക് തിരികെ പോകുന്നതിന് വേണ്ടിയാണ് ഇൗ കഷ്ടപ്പാട് മുഴുവൻ. ഒാരോ ദിവസവും വിവിധ ട്രാവൽ ഉടമകൾക്ക് എങ്ങനെയെങ്കിലും വിദേശത്തേക്ക് എത്തിക്കണമെന്ന അപേക്ഷയുമായി ലഭിക്കുന്നത് നിരവധി ഫോൺ കാളുകളാണ്. ആവശ്യക്കാർ ഏറിയതോടെയാണ് വിവിധ രാജ്യങ്ങൾ വഴി യാത്ര ഒരുക്കി നൽകുന്നതെന്നും ട്രാവൽ ഉടമകൾ പറയുന്നു.
കേന്ദ്രം മൗനത്തിൽ
വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നത്. പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുെമന്ന് പറയുന്നതല്ലാതെ നിലവിലെ സാഹചര്യത്തിന് ഒരു മാറ്റവും വരുന്നില്ല. സൗദിയുമായി എയർ ബബ്ൾ കരാറിൽ ഏർപ്പെടാൻ പോലും കേന്ദ്രത്തിന് സാധിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പരിഹാരം കാണാൻ സർക്കാറിന് സാധിക്കുന്നില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് മറ്റു രാജ്യങ്ങൾ വഴി പ്രവേശിക്കാം. നേരിട്ട് എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. നയതന്ത്ര ഇടപെടലുകളുടെ അഭാവമാണ് വിഷയത്തിൽ ഒട്ടുമിക്ക പേരും ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാറും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നാവശ്യവും ശക്തമാണ്.
യാത്രക്ക് തടസ്സമായി നിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര -സംസ്ഥാന സർക്കാറുകളിൽ സമ്മർദം ചെലുത്തിയിരുന്നു. ഇതിനെ തുടർന്ന് വാക്സിനുകൾക്ക് ഇടയിലെ ഇടവേള കുറക്കാനും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനും സാധിച്ചു. ഇതിനിടെ വിവിധ രാജ്യങ്ങളിൽ നിന്നും വിലക്ക് നീക്കിയ വാർത്തകൾ വന്നു. വിമാന കമ്പനികൾ സർവിസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവരും സമയം നീട്ടി. സംസ്ഥാന സർക്കാർ ഇതിൽ കാര്യമായി ഇടപെട്ടില്ല. സംസ്ഥാനം ഇടപെടാത്തതിനാൽ കേന്ദ്രവും കാര്യമായി പരിഗണിച്ചില്ല. വിമാന സർവിസുകൾ പുനരാരംഭിച്ചാൽ മാത്രമേ യാത്ര പ്രതിസന്ധിയിൽ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
- ഇ.ടി. മുഹമ്മദ് ബഷീർ എം.പി
സൗദിയിലേക്കുള്ള യാത്രപ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തരമായി നയതന്ത്ര തലത്തിൽ ഇടപെടലുകളുണ്ടാകണം. മറ്റു രാജ്യങ്ങളിൽ ക്വാറൻറീൻ ഏർപ്പെടുത്തുന്നതിന് പകരം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സൗദിയിൽ തന്നെ സംവിധാനം ഒരുക്കുന്നതിന് സർക്കാർ ശ്രമം നടത്തണം.
- റഷീദ് സഹാറ (ഇൻഡസ് ഫെഡറേഷൻ ഒാഫ് ട്രാവൽ ആൻഡ് ടൂർ അസോസിയേഷൻ വർക്കിങ് പ്രസിഡൻറ്)
ഖത്തർ ഏർപ്പെടുത്തിയ സംവിധാനം മറ്റു രാജ്യങ്ങളും നടപ്പാക്കണം. കൃത്യമായ താമസം, യാത്ര. ഇതേ രീതിയിൽ അതത് രാജ്യങ്ങളിൽ ക്വാറൻറീൻ ഏർപ്പെടുത്തുന്നതിന് സംവിധാനമുണ്ടാകുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമസം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകുകയും വേണം.
- ഷബീർ (അൽഹിന്ദ് കോട്ടക്കൽ)
സൗദിയിൽനിന്ന് എത്തിയിട്ട് എട്ട് മാസം പിന്നിടുന്നു. അബഹയിൽ അൽജസീറ പെയിൻറ് കമ്പനിയിലാണ് േജാലി. കോവിഡ് പശ്ചാത്തലത്തിൽ സൗദി ഇന്ത്യയിൽ നിന്ന് യാത്രക്കാരെ വിലക്കിയതോടെ പോവാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പോവാൻ യു.എ.ഇയിൽ എത്തി. 10 ദിവസം ക്വാറൻറീൻ പൂർത്തിയായപ്പോഴേക്കും യു.എ.ഇയിൽ നിന്നുള്ള യാത്രക്കാർക്കും സൗദി നിരോധനം ഏർപ്പെടുത്തി. ഒരു മാസത്തെ സന്ദർശക വിസ കാലാവധി തീരും വരെ അവിടെ താമസിച്ചു. ഒടുവിൽ മാർച്ച് 19ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. വൻതുക ചെലവഴിച്ചാണ് അന്ന് പോവാനുള്ള ശ്രമം നടത്തിയത്. വാക്സിൻ ഒരു ഡോസ് എടുത്തു. കേന്ദ്ര സർക്കാർ പ്രവാസികളുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം. ഇത് ഒരുപാട് പേരുടെ ജീവിതമാർഗത്തിെൻറ പ്രശ്നമാണ്.
- മുഹമ്മദ് മുജീബ് റഹ്മാൻ, കോഴിച്ചെന
നാട്ടിൽ വന്നിട്ട് ആറു മാസമാവാറായി. ഒമാൻ തലസ്ഥാനമായ മസ്കത്തിലാണ് ജോലി. ഒമാനിലേക്ക് നേരിട്ട് യാത്രാനുമതിയില്ല. വളഞ്ഞുതിരിഞ്ഞ് എത്തിപ്പെടൽ സാധാരണക്കാരെ സംബന്ധിച്ച് വലിയ ചെലവാണ്. ആറു മാസം പിന്നിട്ടാൽ ജോലിയുടെ കാര്യം എന്താവുമെന്ന് ഉറപ്പില്ല. ആദ്യ ഡോസ് വാക്സിൻ എടുത്തു. മടക്കയാത്ര നീളുന്നത് പ്രവാസി കുടുംബങ്ങളുടെ ജീവിതം താളംതെറ്റിക്കുന്നുണ്ട്. നാട്ടിലും ജോലിയില്ലാത്ത സാഹചര്യമാണ്.
-മുഹമ്മദ് റഫീഖ്, ചമ്രവട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.