വോട്ടുറപ്പിക്കാൻ നെട്ടോട്ടം
text_fieldsവളാഞ്ചേരി: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ശനിയാഴ്ച വൈകീട്ട് അവസാനിക്കെ വളാഞ്ചേരി നഗരസഭയിൽ തെരഞ്ഞെടുപ്പ് അങ്കം മുറുകി . ചെറുതും വലുതുമായ സംഘങ്ങൾ ചേർന്ന് ചിഹ്നങ്ങൾ പരിചയപ്പെടുത്തിയും വോട്ട് ചെയ്യേണ്ട വിധം കാണിച്ചും റോഡ് ഷോ നടത്തിയും പ്രചാരണ പ്രവർത്തനങ്ങൾ മുറുകി.
പ്രചാരണ പ്രവർത്തനങ്ങളിൽ ഇഞ്ചോടിഞ്ച് പൊരുതുമ്പോഴും അപരന്മാരും റിബലുകളും വിജയത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ. പ്രബലരായ സ്ഥാനാർഥികൾക്ക് ഉൾപ്പെടെ ഇരു മുന്നണികൾക്കും തലവേദനയായി നിരവധി അപരന്മാരാണ് പല വാർഡുകളിലുള്ളത്.
മുന്നണികൾ പൊതുവായി തെരഞ്ഞെടുത്ത ചിഹ്നത്തോട് സാമ്യമുള്ളതാണ് പല അപരന്മാരുടെയും ചിഹ്നങ്ങൾ. ഡിവിഷനുകളിൽ വിജയം സുനിശ്ചിതമെന്ന് പ്രഖ്യാപിക്കുമ്പോഴും എതിരാളിയുടെ വോട്ട് ഏത് വിധമെങ്കിലും കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നണികൾ അപരന്മാരെ രംഗത്തിറക്കിയത്.
ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്ക് ഭീഷണി ഉയർത്തി കാശാംകുന്ന്, മൈലാടി, കോതോൾ എന്നീ വാർഡുകളിൽ സി.പി.എം വിമതർ രംഗത്തുണ്ട്. സി.പി.എം ഇവരെ പുറത്താക്കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥാനാർഥികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി പ്രചാരണ പ്രവർത്തനങ്ങളിൽ ഇവർ സജ്ജീവമാണ്.
മുസ്ലിം ലീഗിെൻറ പഞ്ചായത്തുതലത്തിലും വാർഡുതലത്തിലും ഭാരവാഹികളായവർ വളാഞ്ചേരി െഡവലപ്മെൻറ് ഫോറം (വി.ഡി.എഫ്) എന്ന സംഘടന രൂപവത്കരിച്ച് ഇടതു മുന്നണിയോടുചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചില വ്യക്തികളിൽ മാത്രമാണ് ഈ സംഘടന ഒതുങ്ങുന്നതെന്നും തങ്ങളുടെ വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലായെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. യു.ഡി.എഫിന് പരമ്പരാഗതമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന വോട്ടുകളിൽ ചോർച്ച ഉണ്ടാക്കുവാൻ ഇവർക്ക് സാധിക്കുമോ എന്നറിയാൻ വോട്ടെണ്ണൽ കഴിയുംവരെ കാത്തിരിക്കേണ്ടി വരും.
സുരക്ഷ ശക്തമാക്കി പൊലീസ്
പൊന്നാനി: കോവിഡ് നിയന്ത്രങ്ങളെത്തുടർന്ന് ഇത്തവണ ഒഴിവാക്കിയ കൊട്ടിക്കലാശവും പരസ്യപ്രചാരണവും പൂർണമായും നിയന്ത്രിക്കാൻ പൊലീസ് രംഗത്തിറങ്ങുന്നു. തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 133 പൊലീസുകാർ ശനിയാഴ്ച പൊന്നാനിയിൽ സുരക്ഷ പരിശോധനകൾ നടത്തും.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പട്രോളിങ്ങും ഇതിെൻറ ഭാഗമായി നടക്കും. പൊന്നാനി നഗരസഭയിൽ ആകെയുള്ള 58 ബൂത്തുകളിൽ രണ്ട് ബൂത്തുകൾ പരിസ്ഥിതി സൗഹൃദ ബൂത്തുകളാണ്. പൊന്നാനി എ.വി. ഹൈസ്കൂൾ ബൂത്ത്, തെയ്യങ്ങാട് സ്കൂൾ ബൂത്ത് എന്നിവയാണ് പരിസ്ഥിതി സൗഹൃദ ബൂത്തുകൾ. തീരദേശ മേഖലകളിൽ പൊലീസിെൻറ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. അതേസമയം, രണ്ട് ദിവസങ്ങളിലായി നടന്ന വോട്ടിങ് മെഷിൻ കമീഷനിങ് വെള്ളിയാഴ്ച പൂർത്തിയായി.
200 സ്പെഷൽ വോട്ട് ചെയ്തു
വളാഞ്ചേരി: കോവിഡ് ബാധിച്ചതും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായ 200ഓളം പേർ വളാഞ്ചേരി നഗരസഭയിൽ വോട്ട് ചെയ്തു. സ്പെഷൽ പോളിങ് ഓഫിസർമാർ ഇവരുടെ വീടുകളിൽ എത്തിയാണ് പ്രത്യേക പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിച്ചത്. പ്രത്യേക പോളിങ് ഓഫിസർമാരും പോളിങ് അസിസ്റ്റൻറുമാരും പി.പി.ഇ കിറ്റ് ധരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തിയ വാഹനങ്ങളിലാണ് ബാലറ്റ് പേപ്പറുമായി വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത്.
ആരോഗ്യ വകുപ്പിൽനിന്ന് ലഭിക്കുന്ന പട്ടികയിലുള്ള വോട്ടർമാരുടെ വീടുകളിലാണ് വോട്ട് ചെയ്യിക്കാനെത്തുന്നത്. 13ന് വൈകീട്ട് മൂന്നു വരെ ലഭ്യമാകുന്ന പട്ടികയിലുള്ളവർക്ക് ഓഫിസർമാർ വീടുകളിൽ എത്തി ബാലറ്റ് വഴി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.