മറക്കാനാവില്ല...കരിപ്പൂരിൽ പറന്നിറങ്ങിയ രക്ഷാപ്രവർത്തനം
text_fieldsമലപ്പുറം: രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം പറന്നിറങ്ങിയിട്ട് നാല് വർഷം പിന്നിട്ടു. ദുരന്ത ഓർമകളിലും അഭിമാനമായി മായാതെ നിൽക്കുന്നതാണ് അന്ന് നാട്ടുകാർ ഒന്നിച്ചുനടത്തിയ മഹത്തരമായ രക്ഷാപ്രവർത്തനം. മലപ്പുറത്തിന്റെ ഒരുമയുടെയും നന്മയുടെയും മറക്കാത്ത ഏടായി അടയാളപ്പെടുത്തിയ സംഭവമായിരുന്നു അത്. അപകടം നടന്നയുടൻ ജീവൻ മറന്നുള്ള രക്ഷാപ്രവർത്തനമാണ് അന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നത്.
2020 ആഗസ്റ്റ് ഏഴിന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുരന്തം പറന്നിറങ്ങിയത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബൈയിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമായിരുന്നു അപകടത്തിൽപെട്ടത്. വൈമാനികർ ഉൾപ്പെടെ 21 പേർ മരിച്ചു. 169 പേർ രക്ഷപ്പെട്ടു.
കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ കഴിയുന്ന സമയത്താണ് അപകടം നടന്നത്. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് വിമാനം രണ്ടായി നെടുകെ പിളർന്ന കാഴ്ചയാണ്. ആദ്യം ഓടിയെത്തിയ നാട്ടുകാരെ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടഞ്ഞു.
എന്നാൽ, അതൊന്നും വകവെക്കാതെ മതിൽ ചാടിക്കടന്നായിരുന്നു ആദ്യ രക്ഷാപ്രവർത്തനം. നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ ആ രക്ഷാപ്രവർത്തനം വഴിവെച്ചു. സ്വന്തം വാഹനങ്ങളുപയോഗിച്ച് അപകടത്തിൽപ്പെട്ടവരെയും കൊണ്ട് ആ നാടൊന്നാകെ ഓടിപ്പാഞ്ഞു.
അപകടം നടന്ന് നാല് വർഷങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരോടുള്ള നന്ദി സൂചകമായി പ്രദേശത്ത് പുതിയ ആരോഗ്യകേന്ദ്രത്തിനായി കെട്ടിടം ഉയരുന്നുണ്ട്. വിമാനാപകടം നടന്ന നെടിയിരുപ്പ് പാലക്കാപറമ്പിനുസമീപം ചിറയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത്, അന്നു രക്ഷപ്പെട്ട യാത്രക്കാരും മരിച്ചവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് ആരോഗ്യ കേന്ദ്രം പണിയുന്നത്.
രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരോട് നന്ദി പ്രകടിപ്പിച്ച് മലബാർ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി പണിയുന്നത്. രക്ഷാപ്രവർത്തകർക്ക് നൽകുന്ന അപൂർവ ബഹുമതികളിലൊന്നായി ഈ പ്രവൃത്തിയും ചരിത്രം അടയാളപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.