സി.ഡി.എസ് തെരഞ്ഞെടുപ്പ്: മലപ്പുറം നഗരസഭയിൽ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിജയം
text_fieldsമലപ്പുറം: മലപ്പുറം നഗരസഭയില്‍ രണ്ട് കുടുംബശ്രീ സി.ഡി.എസിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിജയം. സി.ഡി.എസ് ഒന്ന് എല്‍.ഡി.എഫും സി.ഡി.എസ് രണ്ട് യു.ഡി.എഫും നേടി. ആദ്യമായാണ് നഗരസഭയില്‍ ഇടതുപക്ഷം സി.ഡി.എസ് പിടിക്കുന്നത്.
21 പേരുള്ള സി.ഡി.എസ് ഒന്നില്‍ 12 വോട്ട് നേടിയാണ് ഇടതുപക്ഷം അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങള്‍ നേടിയത്. ഒമ്പത് വോട്ട് യു.ഡി.എഫിന് ലഭിച്ചു. നഗരസഭാ 18ാം വാര്‍ഡ് കോട്ടപ്പടിയില്നിന്നുള്ള അനുജ ദേവ് സി.ഡി.എസ് ഒന്നില്‍ അധ്യക്ഷയായും 13ാം വാര്‍ഡ് കാളമ്പാടിയില്നിന്നുള്ള നുസ്റത്ത് ഉപാധ്യക്ഷയായും തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭ വാര്‍ഡ് ആറ് മുതല്‍ 26 വരെയാണ് സി.ഡി.എസ് ഒന്നില്‍ ഉള്‍പ്പെടുന്നത്. 19 പേരുള്ള സി.ഡി.എസ് രണ്ടില്‍ 17 വോട്ടുകള്‍ക്കാണ് യു.ഡി.എഫ് അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷം രണ്ടുവോട്ട് നേടി.
32ാം വാര്‍ഡ് മുതുവത്ത്പറമ്പില്നിന്നുള്ള ജുമൈല തണ്ടുതുലാന്‍ അധ്യക്ഷയായും 32ാം വാര്‍ഡ് പട്ടര്കടവില്നിന്നുള്ള ഷംല റിയാസ് ഉപാധ്യക്ഷയായും തെരഞ്ഞെടുക്കപ്പെട്ടു. ഒന്നുമുതല്‍ അഞ്ചുവരെയും 27 മുതല്‍ 40 വരെയുമാണ് സി.ഡി.എസ് രണ്ടില്‍ ഉള്‍പ്പെട്ട നഗരസഭ വാര്‍ഡുകള്‍. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മുന്നണികള്‍ സ്വീകരണം നല്കി. ആദ്യമായി നഗരസഭയില്‍ സി.ഡി.എസ് ഭരണം ലഭിച്ചതോടെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും നടത്തി.
കോഡൂര്‍: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ചെയർപേഴ്സൻ, വൈസ്ചെയർപേഴ്സൻ സ്ഥാനങ്ങളിലേക്കുള്ള മത്സരത്തില്‍ അഞ്ചിനെതിരെ 14 വോട്ടുകള്‍ക്ക് യു.ഡി.എഫ് പാനല്‍ വിജയിച്ചു. നിലവിലെ ചെയർപേഴ്സൻ കെ. ആരിഫ റഹിമാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വടക്കേണ്ണയില് നിന്നുള്ള മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. ഷബ്ന ഷാഫിയെ വൈസ്ചെയർപേഴ്സനായും തെരഞ്ഞെടുത്തു.
കൂട്ടിലങ്ങാടി: പഞ്ചായത്ത് സി.ഡി.എസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ എം. രസ്നയും വൈസ് പ്രസിഡന്റായി കോൺഗ്രസിലെ എം. ബിന്ദുവും തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ കെ.പി. വിജിഷയെ എട്ടിനെതിരെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രസ്ന തെരഞ്ഞെടുക്കപ്പെട്ടത്.
മേലാറ്റൂർ: വിവിധ പഞ്ചായത്തുകളിൽ സി.ഡി.എസ് തെരഞ്ഞെടുപ്പ് നടന്നു. മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽനിന്നുള്ള ടി. ശ്രീലേഖ ചെയർപേഴ്സനായും 13ാം വാർഡിലെ കെ.വി. രുഗ്മിണി വൈസ് ചെയർപേഴ്സനായും ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. 16 വാർഡുകളിൽ 13 എൽ.ഡി.എഫിനും മൂന്നെണ്ണം യു.ഡി.എഫിനും ലഭിച്ചു. വെട്ടത്തൂർ പഞ്ചായത്തിൽ എ.ടി. ജയശ്രീയെ ചെയർപേഴ്സനായും കെ. റഫീഖ ബഷീറിനെ വൈസ് ചെയർപേഴ്സനായും തെരഞ്ഞെടുത്തു. 16 വാർഡുകളിൽ 11ഉം എൽ.ഡി.എഫ് വിജയിച്ചു.
എടപ്പറ്റ പഞ്ചായത്തിൽ ഷീജ സുരേഷിനെ ചെയർപേഴ്സനും കെ. ജാസ്മിനെ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുത്തു. 15 വാർഡുകളിൽ 10 എണ്ണം യു.ഡി.എഫിനും അഞ്ച് എണ്ണം എൽ.ഡി.എഫിനും ലഭിച്ചു. കീഴാറ്റൂർ പഞ്ചായത്തിൽ ചെയർപേഴ്സനായി വി. സൗമ്യയെയും വൈസ് ചെയർപേഴ്സനായി ഷഹനാസ് ബാനുവിനെയും തെരഞ്ഞെടുത്തു. 19ൽ 15 വാർഡുകളിലും യു.ഡി.എഫ് വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.