സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ; വിടപറഞ്ഞത് വളാഞ്ചേരിയുടെ വികസന നായകൻ
text_fieldsവളാഞ്ചേരി: വളാഞ്ചേരിയുടെ സമഗ്രവികസനത്തിന് നേതൃത്വം കൊടുത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ. രണ്ട് കാലയളവിൽ വളാഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഇരുസ്ഥാനങ്ങളും വഹിച്ച കാലയളവിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങളാണ് വളാഞ്ചേരിയിൽ നടപ്പാക്കിയത്. വളാഞ്ചേരി മാർക്കറ്റിനോട് ചേർന്നുനിർമിച്ച ഷോപ്പിങ് കോംപ്ലക്സ് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വളാഞ്ചേരിക്ക് ലഭിച്ചിരുന്നു. മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിട്ടും എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിൽനിന്ന് മികച്ച പഞ്ചായത്തിനുള്ള സ്വരാജ് അവാർഡ് ലഭിച്ചത് നാടിന്റെ വികസനത്തിന് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകാനുള്ള ഭരണതന്ത്രത്തിന്റെ വിജയംകൂടിയായിരുന്നു. അവാർഡ് തുക ഉപയോഗിച്ച് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വരാജ് ലൈബ്രറി ആരംഭിക്കുകയും ചെയ്തു.
ആധുനിക അറവുശാല നിർമിച്ചതും അബൂയൂസുഫ് ഗുരുക്കൾ പ്രസിഡന്റായ കാലത്താണ്. പാവപ്പെട്ട കിടപ്പുരോഗികൾക്ക് തണലായി വളർന്ന് പന്തലിച്ച വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിക്ക് രൂപം നൽകി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കാലയളവിൽ കാവുംപുറത്തുള്ള ബ്ലോക്ക് ഓഫിസിനോട് ചേർന്ന് നിർമിച്ച പകൽവീട് വയോജനങ്ങൾക്കായുള്ള ആശ്വാസകേന്ദ്രമായി ഇന്നും ശോഭിച്ചുനിൽക്കുന്നു. ചങ്ങമ്പള്ളി മമ്മു ഗുരുക്കളുടെ ആയുർവേദ വൈദ്യപാരമ്പര്യത്തിന്റെ തുടർക്കണ്ണിയായി സി.എച്ച്. ആലിക്കുട്ടി ഗുരുക്കളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലം മുസ്ലിം ലീഗിന്റെ പഞ്ചായത്ത്, നിയോജക മണ്ഡലം ഭാരവാഹി, ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എന്നീ പദവികൾ വഹിച്ചു.
വലിയ നഷ്ടം -സാദിഖലി തങ്ങൾ
മലപ്പുറം: സാമൂഹികപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ അബൂയൂസുഫ് ഗുരുക്കളുടെ വിയോഗം വലിയ നഷ്ടമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെ അനുസ്മരിച്ചു. പതിറ്റാണ്ടുകൾ സാമൂഹികപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം കുറച്ചുകാലമായി കാർഷികരംഗത്ത് സജീവമാവുകയും ആത്മീയകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ, പ്രത്യേകിച്ച് കോട്ടക്കൽ മണ്ഡലത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ ആത്മാർഥതയും സമർപ്പണ ജീവിതവുമുണ്ടായിട്ടുണ്ട്. ആയുർവേദ ചികിത്സരംഗത്ത് അറിയപ്പെടുന്ന ഒരാളായിരുന്ന അദ്ദേഹം മർമചികിത്സയിലും വിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് സാമൂഹിക മണ്ഡലത്തിനും ജില്ലയിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
രണം ഏറെ ഞെട്ടലുണ്ടാക്കി -സമദാനി
മലപ്പുറം: സി.എച്ച്. അബൂയൂസുഫ് ഗുരുക്കളുടെ ആകസ്മികമരണം ഏറെ ഞെട്ടലുണ്ടാക്കിയെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ദീർഘകാലത്തെ ആത്മബന്ധമാണ് അദ്ദേഹത്തോടൊപ്പമുള്ളത്. പൊതുപ്രവർത്തനം, ആയുർവേദ ചികിത്സരംഗം, കൃഷി തുടങ്ങിയ വൈവിധ്യങ്ങളെ തന്റെ വ്യക്തിത്വത്തിൽ അദ്ദേഹം കൂട്ടിഘടിപ്പിച്ചു. അബൂയൂസുഫ് ഗുരുക്കൾ എന്ന അസാധാരണമായ പേരിന്റെ ഉടമയായിരുന്നെങ്കിലും നാട്ടുകാർക്ക് അദ്ദേഹം എപ്പോഴും ‘അബൂട്ടിയാക്ക’ ആയിരുന്നെന്നും സമാദാനി കൂട്ടിച്ചേർത്തു.
അബൂ യൂസുഫ് ഗുരുക്കൾ: കിടപ്പുരോഗികളുടെ അത്താണി
വളാഞ്ചേരി: ജില്ലയിലെ ഏറ്റവും മികച്ച പാലിയേറ്റിവ് പ്രസ്ഥാനമായി വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിനെ മാറ്റിയെടുക്കുന്നതിൽ സി.എച്ച്. അബൂ യൂസുഫ് ഗുരുക്കൾ വഹിച്ച പങ്ക് വലുതാണ്. 2001ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ ചെയർമാനായാണ് വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി രൂപവത്കരിച്ചത്. 2010ൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയും സ്ഥലം എം.പിയുമായ ഇ. അഹമ്മദിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പാലിയേറ്റിവ് കെയറിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. 2015ൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഒന്നാം നിലയും പടുത്തുയർത്തി. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ പാലിയേറ്റിവിന്റെ കൂടി ചെയർമാനാകുക എന്നത് ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഫലമാണ്. പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിഞ്ഞെങ്കിലും ഉപദേശ നിർദേശങ്ങളുമായി അദ്ദേഹം പാലിയേറ്റിവ് കെയറിന്റെ കൂടെ ഉണ്ടായിരുന്നു. 2019 മേയ് മുതൽ വളാഞ്ചേരി പാലിയേറ്റിവ് കെയറിന്റെ ജനറൽ സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.