നടുറോഡിൽ മാല കവർച്ച: രണ്ടുപേർ പിടിയിൽ
text_fieldsമലപ്പുറം: ബാങ്കിൽനിന്ന് മടങ്ങുകയായിരുന്ന യുവതിയുടെ മാല കവർന്ന കേസിൽ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
മലപ്പുറം വെസ്റ്റ് കോഡൂരിൽ യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിൽ എറണാകുളം പെരുമ്പാവൂർ മാടംപിള്ളി സ്വദേശി മടവന സിദ്ദീഖ് (46), മലപ്പുറം പാണ്ടിക്കാട് മോഴക്കൽ സ്വദേശി പട്ടാണി അബ്ദുൽ അസീസ് (44) എന്നിവരാണ് പിടിയിലായത്.
മോഷണത്തിനായി ഉപയോഗിച്ചിരുന്ന ബൈക്കും കണ്ടെടുത്തു. ബൈക്ക് മങ്കര പാലപ്പറ്റയിൽനിന്ന് മോഷ്ടിച്ചതാണെന്നും വ്യാജ നമ്പർ ഉപയോഗിച്ചാണ് ഓടിച്ചിരുന്നതെന്നും കണ്ടെത്തി.
മാർച്ച് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വിലാസം ചോദിക്കാനെന്ന രീതിയിൽ യുവതിയുടെ അരികിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ മാല പൊട്ടിച്ച് കടക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിെൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് പ്രതികളെ പിടികൂടിയത്.
അസീസിനെതിരെ 30ഉം, സിദ്ദീഖിനെതിരെ 40ഒാളവും മോഷണ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞവർഷം ചന്ദനത്തടി മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ അട്ടപ്പാടിയിൽ പിടിയിലായ അസീസ് അഞ്ചുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മാല മോഷണ കേസിൽ ഷൊർണൂരിൽ പിടിയിലായ സിദ്ദീഖ് രണ്ടുമാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
മലപ്പുറം ഇൻസ്പെക്ടർ പ്രേംസദൻ, എസ്.െഎ ബിപിൻ പി. നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, സത്യനാഥൻ മനാട്ട്, അബ്ദുൽ അസീസ്, മലപ്പുറം എസ്.െഎ കെ.എസ്. ജയൻ, രാജേഷ് രവി, അജിത്ത് കുമാർ, ഷഹേഷ്, ഗിരീഷ്, പ്രഷോബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.