ടെൻഡർ വിളിക്കാൻ ആളില്ല; ചാമക്കയം പമ്പ് ഹൗസിൽനിന്ന് വീടുകളിൽ എത്തുന്നത് ചളിവെള്ളം
text_fieldsമലപ്പുറം: ചാമക്കയം പമ്പ് ഹൗസ് നവീകരണത്തിന് ടെൻഡർ ക്ഷണിച്ചിട്ടും വിളിക്കാൻ ആളില്ലാത്തതിനാൽ ശുദ്ധജലം കിട്ടാതെ നാട്ടുകാർ ദുരിതത്തിൽ. സംസ്ഥാന ജല വകുപ്പ് നവീകരണത്തിന് രണ്ട് വർഷം മുമ്പ് രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ രണ്ട് തവണ ടെൻഡർ ക്ഷണിച്ചിട്ടും ഏറ്റെടുക്കാൻ ആളെത്തിയില്ല. പൊട്ടിയതും ദ്രവിച്ചതുമായ വിതരണ പൈപ്പുകൾ, കാലപ്പഴക്കം ചെന്ന മോട്ടോർ തുടങ്ങിയവ നവീകരിക്കാനാണ് തുക അനുവദിച്ചത്. ഭൂതാനം കോളനി, പാണക്കാട്, കാരപ്പറമ്പ്, പട്ടർക്കടവ്, സ്പിന്നിങ് മിൽ, ഹാജിയാർ പള്ളി, കോൽമണ്ണ, വലിയങ്ങാടി, കൈനോട് ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് ചാമക്കയം പമ്പ് ഹൗസിൽനിന്നാണ്. എന്നാൽ വിതരണശൃഖല തകർന്നതും ദ്രവിച്ചതിനാലും കുടിവെള്ളം എത്തുന്നില്ല. ചിലയിടങ്ങളിലാകട്ടെ ചളി നിറഞ്ഞ വെള്ളമാണ് എത്തുന്നത്.
ശുചീകരിക്കാത്ത വെള്ളം വിതരണം ചെയ്യരുതെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും സംവിധാനമില്ലാത്തതിനാൽ നേരിട്ട് വീടുകളിലേക്ക് എത്തുകയാണ്. 40 വർഷം മുമ്പ് സ്ഥാപിച്ചതാണ് പൈപ്പ് ലൈൻ. രണ്ട് പ്രളയത്തിലും പമ്പ് ഹൗസിൽ വെള്ളം കയറിയതിനെ തുടർന്ന് മോട്ടോർ, മറ്റു ഉപകരണങ്ങൾ എന്നിവ കേടുപാട് പറ്റിയിരുന്നു. ഇത് കാരണം ഏത് നിമിഷവും ഷോർട്ട് സർക്യൂട്ടിന് സാധ്യതയുണ്ട്.
ചാമക്കയം പമ്പ് ഹൗസിൽനിന്ന് വെള്ളം വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാൻ മാമ്പറമ്പിൽ ഒരു കോടി രൂപയോളം ചെലവിൽ നഗരസഭ ടാങ്ക് നിർമിച്ചിട്ടുണ്ട്. എന്നാൽ പമ്പ് ഹൗസുമായി ബന്ധിപ്പിച്ചിട്ടില്ല. ചാമക്കയം പമ്പ് ഹൗസ് നവീകരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും യഥാസമയത്ത് നൽകുന്നതിന് തടസ്സം നേരിടുന്നതാകാം നിർമാണം കരാറുകാർ ഏറ്റെടുക്കാത്തതെന്ന് കൗൺസിലർ മറിയുമ്മ ഷെരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.