ചന്ദ്രയാൻ-3 ദൗത്യവിജയം; അഭിമാന നേട്ടത്തിൽ മലപ്പുറത്തെ ഏഴംഗ സംഘവും
text_fieldsമലപ്പുറം: ചന്ദ്രയാൻ -3 ദൗത്യവിജയത്തിൽ രാജ്യമാകെ അഭിമാനം കൊള്ളുമ്പോൾ മലപ്പുറത്തുമുണ്ട് നേട്ടം ആഘോഷിക്കുന്ന ജീവനക്കാർ. തൃശൂർ അത്താണിയിലെ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിലെ (എസ്.ഐ.എഫ്.എൽ) തൊഴിലാളികളായ മലപ്പുറം സ്വദേശികളാണ് അവർ. കെ.ടി. മുഹമ്മദ് ഷരീഫ് പട്ടർക്കടവ്, ഇ.സി. അബ്ദുൽ ലത്തീഫ് കൂട്ടിലങ്ങാടി, കൃഷ്ണൻ ചേളാരി, പുഷ്കരൻ എടപ്പാൾ, പി. രാജൻ ചങ്ങരംകുളം, മാധവൻ തിരൂർ, ചന്ദ്രൻ പുലിക്കെണി മൊറയൂർ എന്നിവരാണ് രാജ്യത്തിന്റെ നേട്ടത്തിനൊപ്പം സന്തോഷം പങ്കിടുന്ന മലപ്പുറത്തുകാർ. എസ്.ഐ.എഫ്.എല്ലിലെ ഫോർജ് ഷോപ്പ് വകുപ്പിലാണ് ഐ.എസ്.ആർ.ഒയുടെ പലവിധ മെറ്റലുകളുടെയും രൂപവത്കരണം നടക്കുന്നത്. ചന്ദ്രയാൻ -3ന് ആവശ്യമായ വിവിധയിനം അതിസങ്കീർണമായ ഫോർജിങ്ങുകൾ നൽകിയതും ഇവിടെനിന്നാണ്. സ്ഥാപനത്തിലെ ഫോർജിങ് വിഭാഗത്തിലാണ് ഇവർ ജോലിയെടുക്കുന്നത്. ഐ.എസ്.ആർ.ഒയുടെ മെറ്റലുകളെല്ലാം 750 മുതൽ 1500 ഡിഗ്രി വരെ ചൂടാക്കി ഹൈഡ്രോളിക്ക് ഹാമറിൽ ഇടിച്ച് എൻജിനീയർമാരുടെ ഡ്രോയിങ്ങിനും അളവിനും അനുസരിച്ച് സെറ്റ് ചെയ്ത് രൂപപ്പെടുത്തുന്നത് ഇവരാണ്. ഏറെ സങ്കീർണമായ ജോലിയാണെങ്കിലും രാജ്യത്തിനു വേണ്ടി ചെയ്യാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഇവർ പറഞ്ഞു.
ഐ.എസ്.ആർ.ഒക്ക് പുറമെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്, ഭാഭാ ആറ്റോമിക്ക് റിസർച്ച് സെന്റർ, ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ നേവി എന്നിവക്ക് വേണ്ടിയുള്ള ഓർഡറുകളും പ്രതിരോധ മേഖലയിലേക്ക് വേണ്ട യുദ്ധ ടാങ്കുകളുടെ ഭാഗങ്ങളുമെല്ലാം ഈ കമ്പനിയിൽനിന്ന് ഫോർജ് ചെയ്ത് മെഷീനിങ് ചെയ്ത് കൊടുക്കുന്നുണ്ട്.
രാജ്യത്ത് തന്നെ പല സങ്കീർണമായ പല ഫോർജിങുകളും ചെയ്ത് കൊടുക്കുന്ന ഏക പൊതുമേഖല സ്ഥാപനമാണ് സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ്. ഐ.എസ്.ആർ.ഒയുടെ അടുത്ത ഘട്ടത്തിലുള്ള ആദിത്യ, ഗഗൻയാൻ, ശുക്രയാൻ എന്നിവക്ക് വേണ്ടിയുള്ള തയാറെടുപ്പുകളും കമ്പനി തുടങ്ങിക്കഴിഞ്ഞതായി ഇവർ പറഞ്ഞു. 750 മുതൽ 1700 ഡിഗ്രി വരെ ചൂടിൽ ജോലി ചെയ്യുന്നവരാണ് ഈ വിഭാഗത്തിലെ ജീവനക്കാർ.
രാജ്യത്തിന്റെ നേട്ടത്തിൽ ഈ ജീവനക്കാരുടെ കഠിനാധ്വാനവും ഏറെ വിലപ്പെട്ടതാണെന്നാണ് ഐ.എസ്.ആർ.ഒ അടക്കമുള്ള ശാസ്ത്രലോകം വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.