200 ഏക്കർ മുണ്ടകൻ കൃഷി ഉണങ്ങിത്തുടങ്ങി
text_fieldsചങ്ങരംകുളം: വർഷങ്ങളായി തരിശിട്ട മുണ്ടകൻ പാടങ്ങൾ പൊന്നണിയിക്കാൻ വിത്തെറിഞ്ഞ കർഷകർക്ക് തീരാദുരിതം. കൃഷിയിറക്കിയ ഇരുനൂറോളം ഏക്കർ നെൽപാടം ഉണങ്ങിത്തുടങ്ങി. അധികൃതരുടെ അനാസ്ഥ മൂലം പൊന്നാനി കോൾ മേഖലയിലെ ആലങ്കോട്-നന്നംമുക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കൃഷിയിടങ്ങളാണ് ഉണങ്ങിയത്. കൃഷി ആരംഭിച്ചത് മുതൽ തങ്ങളുടെ ആവശ്യങ്ങൾ അധികാരികളോട് പലതവണ പറഞ്ഞിട്ടും മുഖം തിരിച്ചതാണ് ഉണങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു. കൃഷി സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കാനായി മണ്ണടിഞ്ഞതോട് നവീകരണത്തിനും ആവശ്യമായ പെട്ടിപ്പറയും പമ്പുസെറ്റും ആവശ്യപ്പെട്ടിരുന്നു. കൃഷിവകുപ്പ് മന്ത്രി, ജില്ല പഞ്ചായത്ത്, എം.പി, ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവർക്കെല്ലാം ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പരാതി നൽകിയിരുന്നു. ഒന്നും നടപ്പാക്കാത്തതിനാൽ കർഷകർ തന്നെ ഭാഗികമായി നവീകരണത്തിനിറങ്ങി. എന്നാൽ, കടുത്ത ചൂടും മാറിയ കാലാവസ്ഥയും കർഷകരെ ചതിച്ചു. 1,400 മീറ്റർ മാത്രം നീളമുള്ള അറയത്തോടിന്റെ നവീകരണവും പട്ടിശ്ശേരി പമ്പ് ഹൗസ് പ്രവർത്തിപ്പിക്കേണ്ട ആവശ്യകതയും കർഷകർ ഉന്നയിച്ചിരുന്നു. വർഷങ്ങളായി മണ്ണടിഞ്ഞ് കിടക്കുന്ന തോട് നവീകരണത്തോടെ മുഴുവൻ മുണ്ടകൻ കൃഷിയിടങ്ങളിലേക്കും വെള്ളമെത്തിക്കാൻ കഴിയും. 30 എച്ച്.പിയുടെ പമ്പിങ് മെഷീൻ ലഭിച്ചാൽ പമ്പിങ് നേരത്തെ തുടങ്ങി കടുത്ത വേനലിനുമുന്നെ മുണ്ടകൻ കൃഷി നടത്താൻ കഴിയുമെന്ന് കർഷകർ പറയുന്നു. തോട് നവീകരണത്തോടെ കോലിക്കര, ഐനൂർ, എവറാംകുന്ന്, പള്ളിക്കര പ്രദേശത്തെ മുണ്ടകൻ പാടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കഴിയും. കാർഷിക മേഖലയിൽ കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങൾ നടക്കുമ്പോഴും അവശ്യ ഭാഗങ്ങളെ അധികൃതർ അവഗണിക്കുകയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷത്തിൽ മഴ നീണ്ടുനിന്നതും വെള്ളം പമ്പ് ചെയ്യാനും ശേഖരിച്ച് നിർത്താനും സംവിധാനമൊരുക്കാൻ കഴിയാത്തതും കർഷകർക്ക് വിനയായി. കടമെടുത്തും പലിശക്കെടുത്തും കൃഷിയിറക്കിയ കർഷകർ കരിഞ്ഞുണങ്ങുന്ന നെൽപാടം നോക്കി നെടുവീർപ്പിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.