കോൾ നിലങ്ങളിൽ ഞാറ്റടികൾ ഒരുങ്ങി
text_fieldsചങ്ങരംകുളം: കോൾ മേഖലയിൽ വരുംവർഷത്തെ പുഞ്ചകൃഷിക്കായി കർഷകർ തയാറെടുപ്പുകൾ തുടങ്ങി. മഴ മാറിനിന്നതോടെ പുഞ്ചകൃഷിയുടെ പ്രാരംഭ പ്രവൃത്തികളുടെ തിരക്കിലാണ് കർഷകർ. ഇതിന്റെ മുന്നോടിയായി ഉഴുതെടുത്ത പാടങ്ങളിൽ നടാനുള്ള ഞാറ്റടികൾ ഒരുങ്ങിക്കഴിഞ്ഞു. തുലാവർഷം നീണ്ടുനിന്നതിനാൽ ഞാറ്റടികൾ ദിവസങ്ങൾ വൈകിയാണ് ഒരുക്കാൻ കഴിഞ്ഞത്. എന്നാൽ ചിറവല്ലൂർ പ്രദേശത്തെ തെക്കെ കെട്ട്, തുരുത്തുമ്മൽ കോൾ പടവുകളിൽ വിതരണം ചെയ്ത വിത്തുകൾ പകുതിയിൽ ഏറെയും മുളച്ചില്ല. പെരുമ്പടപ്പ് കൃഷി ഭവനിൽനിന്നും നൽകിയ ഉമവിത്താണ് കർഷകരെ ചതിച്ചത്. കർഷകരുടെ പരാതിയെ തുടർന്ന് കൃഷിവകുപ്പ് അധികൃതർ പരിശോധന നടത്തി സീഡ് അതോറിറ്റിയെ വിവരം അറിയിച്ചു.
വിത്ത് നൽകി 10 ദിവസത്തിനകം പരാതി നൽകണമെന്നും പെട്ടിച്ചവിത്തുകൾ തിരിച്ചെടുക്കില്ലന്ന് കൃഷിഭവൻ അധികൃതർ പറയുമ്പോൾ തുലാവർഷമഴയിൽ വിത്തുകൾ ലഭിച്ചിട്ടും കുറച്ച് ദിവസം വൈകിയാണ് വിതച്ചത്. വീണ്ടും വിത്തുകിട്ടാൻ വൈകുന്നതോടെ കർഷകരാണ് ദുരിതത്തിലാകുന്നത്. കൃഷി തുടങ്ങാൻ വൈകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. വിത്തുകൾ പലതും ഭാഗികമായി മുളക്കാത്തതിനാൽ വരും വർഷത്തെ വിളവിനെ ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.