കാളാച്ചാലിലെ കുപ്പിവെള്ള ഫാക്ടറി: കെട്ടിട നമ്പർ നൽകിയത് വിവാദമാകുന്നു
text_fieldsചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ കാളാച്ചാലിലെ കുപ്പിവെള്ള ഫാക്ടറി കെട്ടിടത്തിന് പഞ്ചായത്ത് സെക്രട്ടറി നമ്പർ നൽകിയത് വിവാദമാകുന്നു. ഹൈക്കോടതിയുടെ നിബന്ധനകൾ പോലും മറികടന്ന് നമ്പർ നൽകിയതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്ന കാളാംകുന്ന് കാളാച്ചാലിൽ സ്ഥാപിക്കുന്ന കുപ്പിവെള്ള കമ്പനിക്കെതിരെ തുടക്കം മുതൽ ഗ്രാമവാസികൾ രംഗത്തുണ്ട്. കമ്പനിയുടെ പണി നിർത്തി വെക്കാൻ നേരത്തെ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നിട്ടും പണി തുടർന്നപ്പോൾ സ്റ്റോപ്പ് മെമ്മോ വ്യവസ്ഥകൾ കർശനമായി പാലിക്കണം എന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടതിനെതുടർന്ന് കുറച്ച് കാലം പ്രവൃത്തികൾ നിർത്തിയിരുന്നു.
ഏറ്റവുമൊടുവിൽ ഹൈക്കോടതി ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റിനോടും സെക്രട്ടറിയോടും നാട്ടുകാരുടെ പ്രതിനിധികളെയും ഫാക്ടറി ഉടമയെയും വിളിച്ചുചേർത്ത് പ്രശ്നപരിഹാരത്തിന് വേണ്ടി രമ്യമായി ഇടപെടണം എന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ കാളാച്ചാൽ ജല ചൂഷണ ജാഗ്രതാ സമിതി ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു. ആ യോഗത്തിൽ കുപ്പിവെള്ള ഫാക്ടറിയല്ലാത്ത ഏത് സംരംഭത്തിനും നാട്ടുകാർ അനുകൂലമാണെന്ന് ജല ചൂഷണ ജാഗ്രതാ സമിതി ഭാരവാഹികൾ രേഖാമൂലം സമ്മതിച്ചു. എന്നാൽ ഫാക്ടറി ഉടമ നിലപാട് വ്യക്തമാക്കുക പോലും ചെയ്യാതെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് നമ്പർ നൽകിയത്. ഹൈക്കോടതി പോലും ഇടപെട്ട വിഷയത്തിൽ ജനവികാരവും വ്യവസ്ഥകളും ലംഘിച്ച സെക്രട്ടറിയുടെ നീക്കത്തിനെതിരെ ജനരോഷം ഉയർന്നിരിക്കുകയാണ്.
വെള്ളിയാഴ്ച നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം വെക്കണം എന്ന ജനപ്രതിനിധികളുടെ നിർദേശം പോലും പരിഗണിക്കാതെയാണ് സെക്രട്ടറി നമ്പർ നൽകിയത്. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നതടക്കമുളള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കാളാച്ചാൽ ജല ചൂഷണ ജാഗ്രതാ സമിതി ഭാരവാഹികളായ വാർഡ് അംഗം പി.കെ. മുഹമ്മദ് അഷ്റഫ് (ചെയർമാൻ), ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ (കൺവീനർ), കെ.കെ. ഗോപാലൻ (ട്രഷറർ), പി.കെ. അബ്ദുല്ലക്കുട്ടി, വി.പി. സത്യൻ എന്നിവർ അറിയിച്ചു.
നമ്പർ നൽകിയത് കെട്ടിടത്തിന് മാത്രമെന്ന് സെക്രട്ടറി
ചങ്ങരംകുളം: കുപ്പിവെള്ള ഫാക്ടറിക്ക് പ്രവർത്തനാനുമതിയല്ല നൽകിയതെന്നും കേരള കെട്ടിടചട്ട നിയമപ്രകാരം നിർമിച്ച കെട്ടിടത്തിനാണ് അനുമതി നൽകിയതെന്നും ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി ജഗതമ്മ. പ്രസ്തുത സ്ഥലത്ത് കുഴൽ കിണർ കണ്ടില്ലെന്നും വെള്ളം എടപ്പാളിൽ നിന്ന് കൊണ്ടുവന്ന് സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനം മാത്രമാണുള്ളതെന്നും സെക്രട്ടറി പറയുന്നു. നിലവിൽ യന്ത്ര സാമഗ്രികൾ കെട്ടിടത്തിൽ ഇല്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.