ചന്തമുള്ള ചങ്ങരംകുളം; മോടി കൂട്ടാൻ നാല് കോടി
text_fieldsചങ്ങരംകുളം: സംസ്ഥാന പാത ഏറെ ഭാഗവും പങ്കിടുന്ന ചങ്ങരംകുളം ടൗണിന്റെ മുഖച്ഛായ മാറ്റാൻ പദ്ധതി ഒരുങ്ങുന്നു. റോഡുകൾക്ക് വീതികൂട്ടി നടപ്പാതകൾ അലങ്കരിച്ചും വഴിവിളക്കുകൾ സ്ഥാപിച്ചും പൂന്തോട്ടം നിർമിച്ചുമാണ് മോടി കൂട്ടുന്നത്. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച നാല് കോടി രൂപയാണ് വികസനത്തിന് ചെലവഴിക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ആലങ്കോട് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. പൊതുമരാമത്ത്, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വ്യാപാരി നേതാക്കൾ, കെട്ടിട ഉടമകൾ തുടങ്ങിയയാളുകൾ പങ്കെടുത്തു. വരും ദിവസങ്ങളിൽ സർവേ നടപടികൾ ആരംഭിക്കും.
സബീന റോഡ് മുതൽ സൺറൈസ് ആശുപത്രി വരെ ഭാഗങ്ങളിലാണ് സർവേ നടത്തുക. ഒക്ടോബർ 15ന് മുമ്പായി സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിനായി അനധികൃത കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കും.
നടപ്പാതയും പൂന്തോട്ടവും ഉദ്യാനവും വെളിച്ചവും സംവിധാനിച്ച് ചങ്ങരംകുളം അങ്ങാടിയെ മനോഹരമാക്കുകയാണ് പദ്ധതി ലക്ഷ്യം. വൈകുന്നേരങ്ങളിൽ ആളുകൾക്ക് വിശ്രമിക്കാനുള്ള ഉദ്യാനവും ജങ്ഷനിൽ റൗണ്ട് പോർട്ടുകളും ഒരുക്കുന്നുണ്ട്. ഓടകൾ നവീകരിച്ച് ശുചിത്വമുറപ്പാക്കും. തടസ്സമില്ലാത്ത ഗതാഗത സംവിധാനവുമൊരുക്കുന്നതിലൂടെ അങ്ങാടിക്ക് പുതിയ മുഖം കൈവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.