ഒതളൂർ ബണ്ടിൽ കൃഷി ഉണങ്ങി
text_fieldsചങ്ങരംകുളം: കടുത്ത വേനലിൽ മഴ പ്രതീക്ഷിച്ചിരിക്കുന്ന കർഷകർക്ക് തിരിച്ചടിയായി നെൽപാടങ്ങൾ കരിഞ്ഞുണങ്ങുന്നു. കാലാവസ്ഥ വ്യതിയാനവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണമാണ് കർഷകർക്ക് ഈ ദുരവസ്ഥ.
വിണ്ടുകീറിയ നെൽപാടങ്ങളിൽ കണ്ണീരോടെയാണ് കർഷകർ നോക്കുന്നത്. ഒതളൂർ ബണ്ട്, കടവല്ലൂർ പാടങ്ങളിലെ 500 ഏക്കറിലധികം വരുന്ന നെൽകൃഷിയാണ് വെള്ളമില്ലാതെ ഉണങ്ങി നശിക്കുന്നത്.
കോടികളുടെ നാശനഷ്ടമാണ് ഈ മേഖലയിലെ കർഷകർക്ക് ഉണ്ടായത്. കടവല്ലൂർ പാടത്ത് തരിശുനിലം പൊന്നാക്കാനായി തുനിഞ്ഞ കർഷകർക്ക് വൻദുരിതമാണ് ഇത്തവണ സംഭവിച്ചത്. കാലാവസ്ഥ കൂടി ചതിച്ചതോടെ തൃശൂർ, മലപ്പുറം ജില്ല അതിർത്തിയിലെ ഒതളൂർ ബണ്ട്, കടവല്ലൂർ പാടങ്ങളിലെ 500 ഏക്കറിലധികം നെൽകൃഷിയാണ് ഉണങ്ങി നശിക്കുന്നത്. ഏക്കർ കൃഷി ചെയ്യൻ 40000 രൂപയോളമാണ് കർഷകർക്ക് ചെലവായി വരുന്നത്.
കടം വാങ്ങിയും പണയപ്പെടുത്തിയും നടത്തിയ കൃഷിനശിച്ചതോടെ വൻ ബാധ്യതയാണ് കർഷകർക്കുണ്ടായത്. രണ്ട് കോടിയിലധികം രൂപയുടെ നാശമാണ് ഈ മേഖലയിൽ മാത്രം ഉണ്ടയതെന്ന് കർഷകർ പറയുന്നു. തുലാം, വൃശ്ചികമാസങ്ങളിൽ പെയ്ത മഴമൂലം കൃഷി ഒരുമാസം വൈകിയാണ് നടത്താനായത്. ഇതും തിരിച്ചടിയായി.
വൃശ്ചികമാസത്തിൽ പോലും ബണ്ടിന്റെ ഉയരത്തിൽ വെള്ളം നിറയുന്ന അവസ്ഥയായിരുന്നു. പിന്നീട് ചെറിയ മോട്ടോറുകൾ ഉപയോഗിച്ച് പമ്പ് ചെയ്താണ് കടവല്ലൂർ പാടശേഖരത്തിൽ കൃഷിയിറക്കിയത്. എന്നാൽ, ഇവിടെനിന്ന് വെള്ളം പമ്പ് ചെയ്തതോടെ ഒതളൂർ ബണ്ട് ഭാഗത്ത് കൃഷിയിറക്കാൻ കഴിയാതെയായി. പിന്നീട് വെള്ളം താഴ്ന്നതോടെ, ഒരുമാസം വൈകിയാണ് കൃഷിയിറക്കാൻ സാധിച്ചത്.
നൂറടി തോടിന് ആഴമില്ലാത്തതും കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാൻ ഇടയാക്കി. നൂറടി തോട്ടിൽനിന്ന് പൊന്തക്കാടുകളും മറ്റും നീക്കിയതല്ലാതെ ആഴംകൂട്ടാൻ അധികൃതർ തയാറായില്ലെന്ന് കർഷകർ പറയുന്നു. തുലാം ആദ്യവാരത്തിൽ ഈ മേഖലയിൽ കൃഷി ഇറക്കിയാൽ മാത്രമേ വേനലിനെ അതിജീവിച്ച് കൃഷി ലാഭകരമാക്കാൻ കഴിയൂ.
40 വർഷമായി തരിശുകിടന്നിരുന്ന കടവല്ലൂർ പാടത്ത് മൂന്നുവർഷം മുമ്പാണ് കൃഷിയിറക്കി തുടങ്ങിയത്. എന്നാൽ, മൂന്നുവർഷവും ഇവിടെ കൃഷി നഷ്ടത്തിലായിരുന്നെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.