അപകടം പതിയിരിക്കുന്ന സംസ്ഥാന പാതയോരങ്ങൾ
text_fieldsചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. വളയംകുളം, പാവിട്ടപ്പുറം, ചിയ്യാനൂർപാടം, കോലിക്കര, കടവല്ലൂർ, പന്താവൂർ, കാളാച്ചാൽ, പന്താവൂർ പാലം, കണ്ടനകം, നടുവട്ടം, എടപ്പാൾ, പ്രദേശങ്ങൾ മരണങ്ങൾ വിളയാടുന്ന പാതയോരങ്ങളാണ്. മതിയായ മുന്നറിയിപ്പ് സംവിധാങ്ങളുടെ കുറവും വഴിവിളക്കുകൾ തീരെ ഇല്ലാത്തതും ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നു.
സീബ്രാലൈനുകൾ, കൊടിയവളവുകൾ, ഡിവൈഡറുകൾ, ഹമ്പുകൾ, സ്ലാബുകൾ ഇടാത്ത ഓടകൾ, സംരക്ഷണ ഭിത്തികൾ, പാലങ്ങൾ, നടപ്പാതകൾ എന്നിവിടങ്ങളിലൊന്നും മതിയായ സുരക്ഷ മുന്നറയിപ്പുകളോ സുരക്ഷയോ ഒരുക്കിയിട്ടില്ല. രാപ്പകലില്ലാതെ എപ്പോഴും അപകടമുണ്ടാകുന്ന വളവുകളും ഇറക്കത്തോടുകൂടിയ ഏറെ വളവുകളുള്ള പാവിട്ടപ്പുറം വളയംകുളം ഭാഗത്ത് യാതൊരുവിധ മുന്നറിയിപ്പ് സംവിധാനങ്ങളുമില്ല. രണ്ട് സെമിഹമ്പുകൾ സ്ഥാപിച്ചിട്ടുള്ള വളയംകുളം-ചിയ്യാനൂർ പാടം ഭാഗത്ത് യാതൊരുവിധ റിഫ്ലക്ടറുകളോ മതിയായ വെളിച്ചമോ ഇല്ല.
പാതയോരത്തെ മൂടാത്ത ഓടകൾ
ഈ സെമി ഹമ്പിൽ ദിവസങ്ങൾക്ക് മുന്നെ നാല് വാഹനങ്ങൾ ഒരുമിച്ചു കൂട്ടിയിടിച്ചിരുന്നു. ചൊവ്വാഴ്ച ഹമ്പിൽ മറ്റൊരു വാഹനം ബ്രെക്ക് ചവിട്ടിയതോടെ പിന്നിലുള്ള കോഴിമുട്ട വണ്ടി അപകടത്തിൽപ്പെട്ടു. കൊടിയ വളവിലുള്ള പന്താവൂർ പാലത്തിൽ തീരെ മുന്നറിയിപ്പ് ബോർഡുകളോ രാത്രിയിൽ മതിയായ വെളിച്ചമോ ഇല്ല. ഈ വളവിൽ പതിനഞ്ചടി താഴ്ച സുരക്ഷ സംവിധാനം പലഭാഗങ്ങളിലും തകർന്നുകിടക്കുയാണ്.
അപകടം തുടരുന്നു... നടപടി ഇഴയുന്നു
വളയംകുളം മുതൽ ചങ്ങരംകുളം വരെയുള്ള നീണ്ടുകിടക്കുന്നഭാഗത്ത് അമിതവേഗതയിലാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്. കഴിഞ്ഞദിവസം ഇവിടെ നാല് വാഹനങ്ങൾ ഒരുമിച്ച് കൂട്ടിയിടിച്ചിരുന്നു. കൈവരികളില്ലാതെ തുറസ്സായി കിടക്കുന്ന കാളാച്ചാൽ ചിയ്യാനൂർ പാടങ്ങളിലും നിയന്ത്രണംവിടുന്ന വാഹനങ്ങൾ പാടങ്ങളിലെ താഴ്ചയിലേക്കാണ് പതിക്കുന്നത്.
വളവും കയറ്റിറക്കവുമുള്ള എടപ്പാൾ കണ്ണഞ്ചിറ ഭാഗത്ത് സുരക്ഷ ഭിത്തിയോ മുന്നറിയിപ്പ് സംവിധാനങ്ങളോ തീരെ ഇല്ല. നിയന്ത്രണമില്ലാതെയും മുന്നറിയിപ്പാതെയും ഇറക്കത്തിൽ സ്ഥിതിചെയ്യുന്ന ബാറും കച്ചവട സ്ഥാപങ്ങളിലേക്കുമുള്ള ജനങ്ങളുടെ സഞ്ചാരം ഏറെ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
ഈ പാതയിൽ ഏറെ ഭാഗങ്ങളിലും തുറസ്സായി കിടക്കുന്ന കോൺക്രീറ്റ് ഓടകളാണുള്ളത്. ഇതിൽ വീണും അപകടങ്ങൾ ഏറെയാണ്. കൈവരിയില്ലാത്ത പാതയിലെ താഴ്ചകളും വഴിയോരങ്ങളും ഈ പാതയിൽ മരണത്തെ കാത്തിരിക്കുകയാണ്. സംസ്ഥാനപാത കടന്നുപോകുന്ന ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ പോലും സീബ്ര ലൈനില്ല. കൂടാതെ ജൽ ജീവനുവേണ്ടി പൊളിച്ച സംസ്ഥാന പാതയോരങ്ങളിലെ കാനകളിലും സമയബന്ധിതമായി മൂടാത്ത കുഴികളിലും അപകടത്തിൽപെട്ടത് നൂറിൽപരം വാഹനങ്ങളാണ്. ഈ പാതയിലെ ടൗണുകളിൽ പോലും ഓടകൾ സമയബന്ധിതമായി ശുചീകരികാത്തതും സ്ലാബിട്ട് മൂടാത്തതും അപകടക്കെണിയാണ്. ഇനിയും ഈ പാതയിൽ മതിയായ പ്രവർത്തികൾ നടത്താത്ത പക്ഷം ഏറെ അപകടങ്ങൾ ഉണ്ടാകുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.