പഠനാവകാശം നിഷേധിക്കൽ അധ്യാപകനെതിരെ ന്യൂനപക്ഷ കമീഷൻ നടപടി
text_fieldsചങ്ങരംകുളം: നടുവട്ടം എ.യു.പി സ്കൂൾ വിദ്യാർഥികളുടെ പഠനാവകാശം നിഷേധിച്ചതിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമീഷൻ. എതിർകക്ഷിയായ കായികാധ്യാപകൻ ഷാന്റി സി. ജോബിനെ മാതൃസ്കൂളായ നടുവട്ടം എ.യു.പി.എസിലേക്ക് ജൂലൈ 15നകം തിരികെ നിയമിക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. നിയമനം നടത്തിയശേഷം റിപ്പോർട്ട് മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസർ ഹാജരാക്കണമെന്നും നിർദേശിച്ചു. യു.പി വിദ്യാർഥികൾക്ക് പത്തുവർഷത്തിലേറെ കായികാധ്യാപനം നിഷേധിക്കപ്പെട്ടതിനാൽ ബാലാവകാശ കമീഷന് കേസെടുക്കാമെന്നും കമീഷൻ നിരീക്ഷിച്ചു.
പഠനാവകാശ നിഷേധത്തിനെതിരെ കേരള ന്യൂനപക്ഷ കമീഷന് വർദ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.പി. മുസ്തഫയാണ് പരാതി നൽകിയത്. കായികാധ്യാപകൻ ഷാന്റി സി. ജോബിനെ മാതൃസ്കൂളായ നടുവട്ടം സ്കൂളിൽനിന്നും പ്രൊട്ടക്ഷന്റെ പേരിൽ പത്തുവർഷം മുമ്പ് മറ്റു രണ്ടുസർക്കാർ സ്കൂളുകളിലായി നിയമിച്ചിരുന്നു. എന്നാൽ, വിദ്യാർഥികളുടെ എണ്ണം വർധിച്ചപ്പോൾ നടുവട്ടം സ്കൂളിൽ തിരികെപോകാൻ ഇദ്ദേഹം താൽപര്യം കാട്ടിയില്ല. ഇവിടെ 10 വർഷമായി കായികാധ്യാപകനില്ല. കായികാധ്യാപനം ഇവിടത്തെ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു പരാതി. ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചതായും ആക്ഷേപമുണ്ട്.
ഒതളൂർ ഗവ. യു.പി സ്കൂളിലും പൈങ്കണ്ണൂർ യു.പി സ്കൂളിലും പത്തുവർഷമായി കായിക അധ്യാപകനായി തുടരുകയാണ് ഇദ്ദേഹം. സ്വവസതിക്ക് സമീപമുള്ള സ്കൂളുകളാണ് ഇവ. അതിനാൽ ഇവിടെ തന്റെ സ്വാധീനം ഉപയോഗിച്ച് തുടരുകയാണ് ഇദ്ദേഹം എന്നും പരാതിക്കാർ കമീഷനെ ബോധ്യപ്പെടുത്തി. ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾ ഏറെയുള്ള സ്കൂളായതിനാലാണ് ന്യൂനപക്ഷ കമീഷൻ വിഷയത്തിൽ ഇടപെട്ടത്. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പ്രതിനിധി, ഷാന്റി സി. ജോബ്, സ്കൂളുകളിലെ പി.ടി.എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവരിൽനിന്ന് തെളിവെടുത്ത ശേഷമാണ് കമീഷൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.