മുണ്ടകൻ പാടങ്ങൾ വെള്ളത്തിൽ മുങ്ങി; കണ്ണീരോടെ കർഷകർ
text_fieldsചങ്ങരംകുളം: ദിവസങ്ങളായി പെയ്ത മഴയിൽ പ്രദേശത്തെ ഏക്കറുകണക്കിന് മുണ്ടകൻ കൃഷി വെള്ളത്തിൽ മുങ്ങി. കോലിക്കര, എറവറാംകുന്ന്, ചിയ്യാനൂർ, കാഞ്ഞിയൂർ പാടങ്ങളിലെ മുണ്ടകൻ കൃഷിയിടങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്.
നടീൽ കഴിഞ്ഞ പാടങ്ങളും നടീലിനുള്ള ഞാറുകളും വെള്ളത്തിൽ മുങ്ങി നശിച്ചു. 20 ഏക്കറിൽപരം കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. ഏറെ കാലങ്ങളായി തരിശിട്ട കൃഷിയിറക്കിയ പാടങ്ങളും വെള്ളത്തിൽ മുങ്ങി. കടമെടുത്തും കൂട്ടായ്മയോടെ ഏറെ കഷ്ടപ്പെട്ടും ആരംഭിച്ച കൃഷി വെള്ളത്തിൽ മുങ്ങിയ വിഷമത്തിലാണ് പ്രദേശത്തെ കർഷകർ. ഏറെ പ്രതീക്ഷയോടെ യുവ കൂട്ടായ്മയിൽ ആരംഭിച്ച കൃഷിയിടങ്ങളും ഇതോടെ കണ്ണീർ പാടങ്ങളായി.
കന്നിമഴ: കർഷകർക്ക് അനുഗ്രഹവും ആശങ്കയും
തിരുനാവായ: ന്യൂനമർദത്തെത്തുടർന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന കന്നിമഴ കർഷകർക്ക് അനുഗ്രഹത്തോടൊപ്പം ആശങ്കയും ഉണ്ടാക്കുന്നു. സാധാരണ കർക്കടകം കഴിയുന്നതോടെ മഴ വിട്ടുനിൽക്കുന്ന സ്ഥിതിയായിരുന്നു. കന്നിമാസത്തിൽ ചൂടേറിയ വെയിൽ ലഭിക്കുന്നതിനാൽ കന്നി വെറി കടൽ വറ്റിക്കും എന്ന ചൊല്ല് തന്നെയുണ്ട്.
അതുകൊണ്ടു തന്നെ അപൂർവമായെ കന്നിമാസാദ്യത്തിൽ കനത്ത മഴ ലഭിക്കാറുള്ളൂ. മഴ പറമ്പുവിളകൾക്കും വൃക്ഷലതാദികൾക്കും കുടിവെള്ള ആവശ്യങ്ങൾക്കുമൊക്കെ അനുഗ്രഹമാണെങ്കിലും മുണ്ടകൻ വിളക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
കനത്ത മഴ പലയിടത്തും വിളവിറക്കലിന് താമസം വരുത്തുമെന്നതിന് പുറമെ ഞാറ് പറിച്ചു നട്ടയിടങ്ങളിൽ വെള്ളം മുങ്ങി നശിച്ചുപോകാനും സാധ്യതയുണ്ട്. ഇതിനും പുറമെ കന്നിമാസാദ്യത്തിൽ മഴ പെയ്തൊഴിഞ്ഞാൽ തുലാവർഷം നീണ്ടുപോകാനും പാടെ ലഭിക്കാതിരിക്കാനുമുള്ള സാധ്യത തള്ളിക്കളയാനുമാവില്ല എന്ന് കർഷകർ വിലയിരുത്തുന്നു.
അതേസമയം ന്യൂനമർദ മഴയായതിനാൽ തുലാവർഷത്തെ കാര്യമായി ബാധിക്കില്ലെന്ന അഭിപ്രായവും അവർക്കുണ്ട്. പതിവനുസരിച്ച് കന്നിമാസം പാതിയോടെയാണ് ഇടിമിന്നലിെൻറ അകമ്പടിയോടെ തുലാവർഷമെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.