മത്സ്യലഭ്യത കുറഞ്ഞു; ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് നിരാശ
text_fieldsചങ്ങരംകുളം: ശക്തമായ ചൂടിനെ അവഗണിച്ച് മീൻപിടിക്കാനായി കോൾ പാടങ്ങളിലെത്തുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് നിരാശ. കുറച്ച് വർഷങ്ങളായി ചെറുമത്സ്യങ്ങളുടെ ലഭ്യത ഏറെ കുറവായതാണ്
കാരണം. കോൾനിലങ്ങളിലും കായലുകളിലും പുഴകളിലും മത്സ്യലഭ്യത ഏറെ കുറവാണെന്ന് ഇവർ പറയുന്നു. കോൾ പടവുകളിലെ അശാസ്ത്രീയ മീൻപിടിത്തവും കീടനാശിനി പ്രയോഗവും പമ്പിങ് സമയത്ത് മത്സ്യക്കുഞ്ഞുങ്ങൾ ഉൾപ്പെടെ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും നാശത്തിന് വഴിയൊരുക്കുന്നു. കൂടാതെ വലിയ വളർത്തുമത്സ്യങ്ങൾ കായലുകളിൽ വളർന്നതിനാൽ ഇവ ചെറുമീനുകളെ തീറ്റയാക്കുന്നു.
പ്രജനന സമയത്തെ മീൻപിടിത്തവും അശാസ്ത്രീയവും പ്രാകൃതവുമായ മീൻപിടിത്തവും ചെറുമത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞതിനാൽ പല ഉൾനാടൻ മത്സ്യത്തൊഴിലാളികളും മറ്റു ഉപജീവനമാർഗങ്ങൾ തേടു
കയാണ്. പരൽ, കടു, കണ്ണൻ, ആരൽ, പൂട്ട തുടങ്ങിയ മത്സ്യങ്ങൾ പാടങ്ങളിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പാടവരമ്പുകളിൽ പോലും കളനാശിനിയായും മറ്റും കീടനാശിനികൾ ഉപയോഗിക്കുന്നത് പാറ്റ, പുൽചാടി, പൂമ്പാറ്റ തുടങ്ങിയ ഷഡ്പദങ്ങളുടെയും ചെറുപ്രാണികളുടെയും നാശത്തിന് വഴിവെക്കുന്നു.
കൂടാതെ നെല്ലുകൾക്ക് പ്രയോഗിക്കുന്ന ഉഗ്രവിഷങ്ങളും വില്ലനാണ്. കോൾ മേഖലയിലെ മത്സ്യലഭ്യത കുറഞ്ഞതിനെക്കുറിച്ച് കാര്യക്ഷമമായ പഠനം നടത്തി നടപടിയെടുക്കുന്നതിന്റെ ആവശ്യകത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.