വാനോളം ഉയർന്ന സ്വപ്നങ്ങളിൽ അവർ പറന്നിറങ്ങി...
text_fieldsചങ്ങരംകുളം: വീട്ടുകളിലെ പ്ലാസ്റ്റിക്ക് ശേഖരിച്ച് മുകളിലൂടെ പോകുന്ന വിമാനം നോക്കി നെടുവീർപ്പിടുന്നവർ ആകാശയാത്ര നടത്തി പറന്നിറങ്ങിയത് വാനോളമുയർന്ന അവരുടെ സ്വപ്നങ്ങൾ പൂവണിഞ്ഞായിരുന്നു.
ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനയിലെ 16 അംഗങ്ങളാണ് ഈ വനിത ദിനത്തിൽ ബംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയത്. ഹരിതകർമ സേനയുടെ മാസാവസാനം നടക്കുന്ന പ്രവർത്തങ്ങൾക്കിടയിൽ വിമാനയാത്രയെന്ന ആഗ്രഹത്തെപറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷഹീറിനോട് പറയുകയായിരുന്നു. ഇതോടെ പഞ്ചായത്തിന്റെ പിന്തുണയോടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുകയായിരുന്നു. ഹരിതസേനയുടെ ഫണ്ടുപയോഗിച്ചായിരുന്നു യാത്ര. മാർച്ച് ഒമ്പതിന് കൊച്ചിയിൽനിന്ന് ബംഗളൂരുവിലേക് ഹരിതസേന അംഗങ്ങൾ പറന്നുയർന്നു. പലരും എറണാകുളം നഗരംപോലും ആദ്യമായി കാണുകയായിരുന്നു. അക്ബർ ട്രാവൽസിന്റെ ടൂർ പാക്കേജിലാണ് സംഘം യാത്ര തിരിച്ചത്.
വിധാൻ സൗദ്, ലാൽബാഗ്, പ്ലാനറ്റോറിയം, സെക്രട്ടറിയേറ്റ്, കബൻ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലെ കാഴ്ചകൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഐ.ആർ.ടി.സി ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന ആലങ്കോട് ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ അജൈവ മാലിന്യ ശേഖരണം 50 ശതമാനം എത്തി നിൽക്കുകയാണ്. മൂന്ന് വാർഡുകൾ പൂർണമായും 100 ശതമാനം യൂസർ ഫീ നേട്ടം കൈവരിച്ചു മുന്നേറുകയാണ്. നിലവിൽ പെരുമ്പടപ്പ് ബ്ലോക്കിലെ അജൈവ മാലിന്യ ശേഖരണത്തിൽ തുടർച്ചയായി ആലങ്കോട് ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.