ഉദ്യോഗാര്‍ഥികള്‍ തൊഴിൽ തേടി തൊഴിലുറപ്പ് പദ്ധതിയിലേക്ക്
text_fieldsചങ്ങരംകുളം: നോട്ട് നിരോധനവും സാമ്പത്തിക പ്രതിസന്ധിയും പ്രളയവും കോവിഡും നിയന്ത്രണങ്ങളും മൂലം ജീവിക്കാന്‍ മാർഗം വഴിയില്ലാതെ വന്നതോടെ മാറഞ്ചേരിയിലെ ഒരുകൂട്ടം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ കൈക്കോട്ടും പിക്കാസും കൈയിലെടുത്ത് റോഡിലിറങ്ങുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു കൈ നോക്കാനാണ് ഉന്നതവിദ്യാഭ്യാസം നേടിയ ഈ യുവാക്കളുടെ പുറപ്പാട്.
രണ്ട് മാസത്തിനകം മാത്രം രജിസ്റ്റർ ചെയ്തത് 25നും 40നും ഇടയില്‍ പ്രായമുള്ള 50ല്‍ അധികം പേരാണ്. ജോലി നഷ്ടപ്പെട്ടവരും ഉന്നത വിദ്യഭ്യാസമുണ്ടായിട്ടും ജോലികള്‍ ഒന്നും ലഭിക്കാതിരുന്നവരുമാണ് കൂടുതല്‍. 15 വിദ്യാര്‍ഥികളും തൊഴിലുറപ്പ് പദ്ധതിക്ക് അപേക്ഷയും താൽപര്യവും പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കി തൊഴില്‍ കാര്‍ഡ് ലഭ്യമായ അഞ്ചുപേര്‍ ആദ്യംജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
തൊഴിലുറപ്പിന് ഇറങ്ങിയവരില്‍ ബി.എ ഇംഗ്ലീഷ് ബിരുദ ധാരിയായ 22കാരനും ബി.കോം ബിരുദവും സി.എയും പൂര്‍ത്തിയാക്കിയ യുവാവും ബി.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാർഥിയും സി.എൻ.സി മെഷീന്‍ ഓപറേറ്ററും വരെയുണ്ട്. തുറുവാണം എസ്.സി കോളനികുന്നിൽ നടക്കുന്ന മഴക്കുഴി നിർമാണത്തിലാണ് ഇവര്‍ പ്രവേശിച്ചത്. കൈക്കോട്ടും പിക്കാസുമെടുത്ത് ജോലിക്കെത്തിയ ഉദ്യോഗാർഥികളെ വാര്‍ഡ് അംഗം ബാലകൃഷ്ണന്‍ വടമുക്ക്, എൻജിനീയര്‍ ശ്രീജിത്ത് വേളയാതിക്കോട്, ഓവര്‍സിയര്‍ ടി.ആർ. രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പൂക്കള്‍ നല്‍കി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.