കാർമേഘങ്ങളുടെ നിഴലിൽ ഭീതിയൊഴിയാതെ കോൾകർഷകർ
text_fieldsചങ്ങരംകുളം: താഴെ നിറഞ്ഞുനിൽക്കുന്ന വെള്ളവും മേലെ കറുത്ത ആകാശവും നോക്കി ഭീതിയോടെ നിൽക്കുകയാണ് കോൾ മേഖലയിലെ കർഷകർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നടീൽ കഴിഞ്ഞ പാടങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. വെള്ളം വറ്റിക്കാൻ പാടുപെടുമ്പോൾ കാർമേഘം മൂടിയ ആകാശം കർഷകരെ ധർമസങ്കടത്തിലാക്കുന്നു. മറുഭാഗത്ത് ഇനിയും നടീൽ ആരംഭിക്കാത്ത നൂറുകണക്കിന് ഏക്കർ കോൾപാടങ്ങളിലെ കർഷകർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നടീൽ കഴിഞ്ഞാൽ മഴ പെയ്യുമോ എന്ന ആശങ്കയും ഞാറ് മൂപ്പെത്തിയാൽ നടാൻ കഴിയാതെ വരുമോ എന്ന പേടിയും കർഷകർക്കുണ്ട്.
ഇനിയും മഴ പെയ്തേക്കാമെന്ന കാലാവസ്ഥ പ്രവചനം നടീലിനായി പാടം ഒരുക്കി കാത്തിരിക്കുന്നവരെ ഏറെ കുഴക്കുകയാണ്. ഇനിയും മഴ പെയ്യുന്ന പക്ഷം നൂറടി തോട് കവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം മൂടും. പല ഭാഗങ്ങളിലും ചാക്കിൽ മണ്ണ് നിറച്ച് നൂറടി തോടിന് മുകളിലിട്ടാണ് വെള്ളം തടയുന്നത്. കൂടാതെ പമ്പിങ് പൂർത്തീകരിച്ച് വെള്ളം കെട്ടിനിർത്തിയ ബണ്ടുകൾ ഇനിയും മഴ പെയ്യുന്നതോടെ പൊട്ടുമെന്ന ഭീതിയുമുണ്ട്.
നടീൽ കഴിഞ്ഞ പാടങ്ങളിൽനിന്നും കർഷകർ വെള്ളം പമ്പിങ് നടത്തുമ്പോഴും മഴമേഘങ്ങളും മൂടിക്കെട്ടിയ അന്തരീക്ഷവും കോൾ കർഷകരുടെ മനസ്സിൽ ഭീതി വിതക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.