പൂഴിക്കോൾ ബണ്ട് കടവിലെ പെട്ടിമ്പറ തകർന്നു; ലക്ഷങ്ങളുടെ നഷ്ടം
text_fieldsചങ്ങരംകുളം: പൊന്നാനി കോൾ പടവിലെ ആലങ്കോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒതളൂർ പൂഴിക്കോൾ ബണ്ട് കടവിലെ പെട്ടിമ്പറ തകർന്ന് ലക്ഷങ്ങളുടെ നഷ്ടം. ഈ പടവിന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഏഴു വർഷങ്ങൾക്കു മുമ്പ് നൽകിയ പെട്ടിമ്പറയാണ് തകര്‍ന്നത്. പെട്ടിമ്പറ തകര്‍ന്നതോടെ നൂറടി തോട്ടിൽ നിന്ന് വെള്ളം 115 ഏക്കർ വരുന്ന കൃഷിയിടത്തിലേക്ക് ഒഴുകി. പെട്ടിമ്പറയുടെ ഭാഗങ്ങളും ഒഴുകിപ്പോയി. തകർന്ന ഭാഗം കെട്ടാനായി കർഷകർ ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.
90 ഓളം വരുന്ന കര്‍ഷകരുടെ കൃഷിസ്ഥലമാണ് വെള്ളത്തിലായത്. ബണ്ടിൽ സ്ഥാപിച്ച പെട്ടിമ്പറയുടെ കാലപ്പഴക്കം കാരണമാണ് തകർന്നതെന്ന് കോൾ പടവ് പ്രസിഡന്റ് ജയരാജൻ പറഞ്ഞു. ഏകദേശം 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാർ നടലിനാവശ്യമായ പ്രാരംഭ പ്രവൃത്തികൾ കർഷകർ ചെയ്തു കഴിഞ്ഞിരുന്നു.
അപ്രതീക്ഷിത ദുരന്തമാണ് കർഷകര്‍ക്കുണ്ടായതെന്നും ഉദ്യോഗസ്ഥൻ അടിയന്തരമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു. ആലങ്കോട് പഞ്ചായത്ത് കൃഷിഭവന് കീഴിലുള്ള സ്ഥലമാണിത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് പെട്ടിമ്പറയും ബണ്ടും തകർന്നത്. ഇവിടെ ഇനി പമ്പിങിന് പുതിയ പെട്ടിമ്പറ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.