തെക്കേക്കെട്ട് കോൾപടവിൽ വിത്ത് വിതരണം വൈകുന്നു
text_fieldsചങ്ങരംകുളം: ബണ്ട് തകർന്ന പൊന്നാനി കോൾ മേഖലയിലെ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവിൽ വിത്ത് വിതരണം വൈകുന്നു.
രണ്ടാഴ്ച മുമ്പ് ബണ്ട് തകർന്ന് നടീൽ കഴിഞ്ഞ 120 ഏക്കർ നെൽകൃഷി നശിച്ചിരുന്നു. വിത്തുകിട്ടാൻ വൈകിയാൽ വിളവെടുപ്പ് സമയത്ത് വരൾച്ച അല്ലെങ്കിൽ നേരത്തേ എത്തുന്ന മഴ എന്നിവ കൃഷി നാശത്തിന് ഇടയാക്കുമെന്നാണ് കർഷകരുടെ ആശങ്ക. കൃഷി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കൃഷിക്കാരുടെ യോഗം വിളിച്ചിരുന്നു. കൃഷിയിറക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു.
ആ ഉറപ്പാണ് നീണ്ടുപോവുന്നത്. മൂപ്പ് കുറഞ്ഞ ജ്യോതി വിത്ത് കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇതിനുവേണ്ടി സീഡ് അതോറിറ്റിയെ പെരുമ്പടപ്പ് കൃഷി ഭവൻ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട നടപടികൾ വകുപ്പ് തലത്തിൽ വേഗതയില്ലാത്തതാണ് കർഷകരെ പ്രയാസത്തിലാക്കുന്നത്. പരിസരത്തെ കോൾ പടവുകളിൽ നടീൽ കഴിഞ്ഞ് ഒരുമാസമായി. തെക്കേ കെട്ട് കോൾപടവിൽപമ്പിങ് നടത്തി വെള്ളം വറ്റിച്ച് കൃഷിയിറക്കാൻ ഇനിയും ഒരു മാസം കഴിയണം.
വിത്ത് വിതരണം വൈകിയാൽ കൃഷി പിന്നെയും വൈകും. ഇത് ഇത്തവണത്തെ പുഞ്ച കൃഷിയെ പ്രതിസന്ധിയിലാക്കുമെന്ന് കർഷകരെ ആശങ്കപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.