നെൽകതിരല്ല, കരിയുന്ന മോഹമാണ്...
text_fieldsചങ്ങരംകുളം: കോലത്തുപാടം കോൾപടവിൽപെട്ട കാളാച്ചാൽ താഴംപാടത്ത് വെള്ളമില്ലാത്തതിനാൽ കതിരിട്ട നെല്ല് കരിഞ്ഞുണങ്ങുന്നു. 700 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കോൾ മേഖലയിലെ ഏറ്റവും വലിയ പുഞ്ചകൃഷിക്ക് വെള്ളം ലഭിക്കാതെ കർഷകർ ഏറെ ദുരിതത്തിലാണ്. സംസ്ഥാനപാതയുടെ തെക്കുഭാഗത്തുള്ള നെൽകൃഷിക്ക് മനക്കടവ് പമ്പ് ഹൗസിൽനിന്നാണ് വെള്ളം ലഭിച്ചിരുന്നത്. എന്നാൽ, തോട് വറ്റിയതാണ് പ്രതിസന്ധിക്ക് കാരണം.
പല കർഷകരും സമീപപ്രദേശങ്ങളിലെ ജലാശയങ്ങളിൽനിന്ന് ജലം പമ്പുചെയ്യാനുള്ള ശ്രമത്തിലാണ്. എന്നാൽ, പലഭാഗത്തും കുളങ്ങളിൽനിന്നും കിണറുകളിൽനിന്നും പമ്പിങ് സാധ്യമാകുന്നില്ല. നെല്ല് വിളയാൻ ഇനിയും ആഴ്ചകൾ പിന്നിടും. കതിരിട്ട ഈ സമയത്ത് ജലമില്ലാത്തതിനാൽ പല ഭാഗങ്ങളിലും കട്ട വിണ്ടുകീറിയ അവസ്ഥയിലാണ്.
നൂറടി തോട്ടിലും പെരുന്തോടുകളിലും ഇടതോട്ടിലും വെള്ളമില്ലാത്തതിനാൽ കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദിവസങ്ങളായി വേനൽ മഴ കാത്തിരിക്കുന്ന കർഷകർക്ക് നിരാശ മാത്രമാണുള്ളത്.
നെല്ലിന് ഏറെ വെള്ളം നൽകേണ്ട ഈ സമയത്ത് വെള്ളമില്ലാത്തതിനാൽ ഈ വർഷം കാര്യമായ നഷ്ടമാണ് കർഷകരെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.