യുവതിയുടെ ആത്മഹത്യ: വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി
text_fieldsചങ്ങരംകുളം: ആലങ്കോട് കാളാച്ചാലിൽ യുവതി ആത്മഹത്യ ചെയ്തത് വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണെന്ന് പരാതി. ആലങ്കോട് അച്ചിപ്രവളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല(29)യെയാണ് ഇന്നലെ രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസും വിരലടയാള പരിശോധന സംഘവും സ്ഥലത്തെത്തി തെളിവെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ഷഫീലയെ മരിച്ചനിലയിൽ കണ്ടത്. രാത്രി ഒമ്പത് മണി വരെ അടുത്ത വീട്ടുകാരുമായും 9.30ന് സഹോദരൻ അബ്ദുൽ വാഹിദിൻറെ ഭാര്യ നൂർജഹാനുമായി ഫോണിലും ഷഫീല സംസാരിച്ചിരുന്നു. മലപ്പുറം മങ്കട സ്വദേശിയായ യുവാവ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ വന്നതായും ഭീഷണിപ്പെടുത്തിയതായും ഇളയസഹോദരൻ അബൂബക്കർ സിദ്ധീഖിനോട് ഷഫീല പറഞ്ഞിരുന്നു. ഇയാളെ വാട്സാപിൽ ബ്ലോക്ക് ചെയ്തത് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. വാട്സാപ് അൺബ്ലോക്ക് ചെയ്താലേ തിരിച്ചു പോകൂ എന്നും പറഞ്ഞ് ഏറെ നേരം വഴക്കിട്ടതായും സമീപവാസികൾ പറയുന്നു.
ഒമ്പതും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളും ഷഫീലയുമാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് റഷീദ് നാലുമാസം മുമ്പ് വിദേശത്ത് പോയി. മരിക്കുന്നതിനു മുമ്പ് യുവതി സഹോദരന് മൊബൈലിൽ സന്ദേശമയച്ചിരുന്നു. സന്ദേശത്തിലെ അസ്വാഭാവികതയെ തുടർന്ന് രാത്രി 11 മണിയോടെ സഹോദരൻ ഏറെ തവണ ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഉടൻ ഇളയസഹോരദരൻ സിദ്ധീഖ് കുറ്റിപ്പുറത്തു നിന്നും ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ബന്ധുക്കളുടേയും സമീപവാസികളുടേയും പരാതിയെ തുടർന്ന് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ, എസ്.ഐ ആന്റോ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറം ഫൊറൻസിക് സംഘത്തിലെ ആശാ ലക്ഷ്മി, സതീഷ് ബാബു, വിമൽ എന്നിവരും സംഭവസ്ഥലം പരിശോധിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്നും സൈബർ സെൽ അന്വേഷണം ആരംഭിച്ചതായും വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയയാളെ കണ്ടെത്തുമെന്നും സി.ഐ ബഷീർ ചിറക്കൽ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.