കോടതിമാറ്റം; പൊന്നാനിയിൽ യൂത്ത് കോൺഗ്രസ് സമരത്തിലേക്ക്
text_fieldsപൊന്നാനി: ഒരു നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന കോടതി പൊന്നാനിയിൽനിന്ന് മാറ്റാനുള്ള നീക്കം ഗൂഢാലോചനയാണെന്നും ഇത് വലിയ അഴിമതിക്ക് കളമൊരുക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കോടതിമാറ്റത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ട്. നിലവിലെ കോടതി കെട്ടിടം കോടികൾ ചെലവഴിച്ച് മ്യൂസിയമാക്കാനുള്ള നീക്കം അഴിമതിക്കായാണ്.
മ്യൂസിയത്തിന്റെ പടികൾ നിർമിക്കാൻ മാത്രം 19 ലക്ഷം രൂപ ചെലവഴിക്കുമെന്നാണ് പൊതുമരാമത്ത് കെട്ടിട ഡിസൈൻ വിങ് തയാറാക്കിയ പ്ലാനിലുള്ളത്.
വർഷങ്ങളായി നിർമാണം നടക്കുന്ന നിള ഹെറിറ്റേജ് മ്യൂസിയം പോലും പൂർത്തീകരിക്കാതെ കോടതി കെട്ടിടം മ്യൂസിയമാക്കാനുള്ള നീക്കം ദുരൂഹമാണ്.
കോടതി മാറ്റൽ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വിനു എരമംഗലം, അഡ്വ. കെ.വി. സുജീർ, ജെ.പി. വിനീത്, പി.വി. ദർവേഷ്, ജംഷീർ പാലപ്പെട്ടി, ജയപ്രസാദ് ഹരിഹരൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നു -സി.പി.എം
പൊന്നാനി: കോടതിമാറ്റത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും പുതുതായി നിർമിക്കുന്ന അനക്സ് കെട്ടിടത്തിൽ കോടതിക്കായി സൗകര്യമൊരുക്കാനാണ് ആലോചനയെന്നും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ പറഞ്ഞു.
പൊന്നാനി കോടതി കണ്ടനകത്തേക്ക് മാറുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയുടെ സ്ഥലം കോടതി നിർമാണത്തിന് വിട്ടുകിട്ടുകയെന്നത് പ്രായോഗികമല്ല. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള പൊന്നാനി കോടതിയുടെ ശോച്യാവസ്ഥയെത്തുടർന്ന് സ്ഥലം കണ്ടെത്താൻ കാലങ്ങളായി ജില്ല കോടതി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, കോടതിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഇത് എളുപ്പമല്ല.
പൊന്നാനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമ്മാണമാരംഭിക്കുന്ന നാലുനില അനക്സ് കെട്ടിടത്തിൽ രണ്ട് നിലകളിലായി കോടതിക്കാവശ്യമായ സ്ഥലം ലഭ്യമാക്കി പ്രവർത്തനം ഇങ്ങോട്ട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ 35 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള സാഹചര്യമുണ്ടാക്കണം. അനാവശ്യ വിവാദങ്ങൾ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും സി.പി.എം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.