പാലം അടച്ചുപൂട്ടി പൊലീസ്; ദുരിതത്തിലായി ചേലേമ്പ്ര നിവാസികൾ
text_fieldsചേലേമ്പ്ര: കോഴിക്കോട് ജില്ലയുമായി അതിരിടുന്ന ചേലേമ്പ്ര പുല്ലിക്കടവ് പാലത്തിലൂടെയുള്ള ഗതാഗതം മുന്നറിയിപ്പ് പോലും ഇല്ലാതെ പൊലീസ് അടച്ചുപൂട്ടുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരസഭയിൽ കോവിഡ് വ്യാപനം കൂടുതലാണ്. ഇതേതുടർന്ന് ഫറോക്ക് പൊലീസ് ഒരാഴ്ചയായി പാലം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. പാലത്തിൽ പൊലീസിെൻറ പരിശോധനയുമുണ്ട്. ചില സമയങ്ങളിൽ പാലം തുറന്നുകൊടുക്കും.
വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ, വൈദ്യുതി വകുപ്പ് ഓഫിസ് എന്നിവിടങ്ങളിൽ പോവുന്നവരാണ് പ്രയാസം നേരിടുന്നത്. സ്ഥിരമായി ചികിത്സ തേടുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായിരിക്കുകയാണ്.
ചേലേമ്പ്രയിലെ പുല്ലിപ്പറമ്പ് എളന്നുമ്മൽ പ്രദേശത്തുകാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പുല്ലിപ്പറമ്പ് പ്രദേശത്തെ വ്യാപാരികളുടെ സ്ഥിതിയും ദുരിതപൂർണമാണ്. രാമനാട്ടുകരയിലും മറ്റും കച്ചവട സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയവർ ചരക്കുമായി തിരിച്ചുവരുമ്പോൾ പാലം അടച്ചിട്ടുണ്ടാവും. രാവിലെ പാലം തുറക്കുന്നത് കണ്ട് പോവുന്നവരാണ് തിരിച്ചു പോരുമ്പോൾ അടച്ചിട്ട പാലം കണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുന്നത്. പാലം അടച്ചിടുന്നത് അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കിലോമീറ്റർ ചുറ്റിക്കറങ്ങി തിരിച്ചുപോകാനാണ് പൊലീസുകാർ പറയുന്നത്. തോന്നിയപോലെ പാലം അടക്കുന്നത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.