ചെറാട്ടുകുഴി - എം.ബി.എച്ച് ലിങ്ക് റോഡിന്റ അലൈന്മെന്റ് സ്കെച്ച് ലഭിച്ചു
text_fieldsമലപ്പുറം: ദേശീയപാതയിൽ വാറങ്കോട് എം.ബി. ഹോസ്പിറ്റലിന് സമീപത്തുനിന്ന് ചെറാട്ടുകുഴി ഭാഗത്തേക്കുള്ള ലിങ്ക് റോഡിന്റെ അലൈൻമെന്റ് സ്കെച്ച് ലഭിച്ചു. പ്രദേശവാസികളുടെ കൂട്ടായ്മയായ സമന്വയം റസിഡന്റ്സ് അസോസിയേഷൻ അംഗം കൊന്നോല അയ്യൂബ് മലപ്പുറം നഗരസഭയിൽ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് സ്കെച്ച് ലഭിച്ചത്.
നിലവിൽ ദേശീയപാതയിൽ നിന്ന് റോഡ് തുടങ്ങുന്നിടത്ത് 70 മീറ്ററോളം ഭാഗം സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ നിലയിലാണ്. ഇവിടെ 2006-07 കാലഘട്ടത്തില്‍ മലപ്പുറം നഗരസഭ അരലക്ഷം രൂപ ഉപയോഗിച്ച് കരിങ്കല്ല് കെട്ടി റോഡാക്കി മാറ്റിയ ഭാഗം പിന്നീട് സ്വകാര്യവ്യക്തികള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. ഈ ഭാഗം കൈയേറിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
എം.ബി.എച്ചിന് പിറകിലൂടെ വരുന്ന വലിയ തോടിന് കുറുകെ ചെറുകിട ജലസേചന വകുപ്പ് നിർമിച്ച പാലം കഴിയുന്നിടത്താണ് ഇപ്പോൾ റോഡ് അവസാനിക്കുന്നത്. റോഡിന്റെ വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു നഗരസഭ ഇത്രയും കാലം തങ്ങളെ അറിയിച്ചതെന്ന് മുന്‍ കൗണ്‍സിലര്‍ കെ.പി. ഹൈദരലി പറഞ്ഞു. സ്കെച്ച് കിട്ടിയ സ്ഥിതിക്ക് റോഡ് നിര്‍മാണം എത്രയും പെട്ടെന്ന് നടത്തണമെന്നും കൈയേറ്റക്കാരെ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ നഗരസഭ അനുകൂല നടപടിയെടുത്തില്ലെങ്കില്‍ ഓംബുഡ്സ്മാന് പരാതി നല്‍കാനും റോഡ് പുനര്‍നിര്‍മിക്കാനും നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്.
വസ്തുതാന്വേഷണ സമിതി റിപ്പോർട്ടനുസരിച്ച് നടപടി -നഗരസഭ ചെയർമാൻ
മലപ്പുറം: ചെറാട്ടുകുഴി - എം.ബി.എച്ച് ലിങ്ക് റോഡ് സംബന്ധിച്ച വിഷയം കഴിഞ്ഞ നഗരസഭ കൗൺസിലിൽ ചർച്ചയായതിനെ തുടർന്ന് വസ്തുതാന്വേഷണ കമ്മിറ്റിയെ നിയമിച്ചിരുന്നുവെന്ന് ചെയർമാൻ മുജീബ് കാടേരി. പ്രദേശത്തെ കൗൺസിലർ സമദ് ഉലുവാൻ ചെയർമാൻ, തൊട്ടടുത്ത കൗൺസിലർ കെ.ടി. രമണി കൺവീനർ, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർമാരായ സി.എച്ച്. നൗഷാദ്, സുഹൈൽ ഇടവഴിക്കൽ, നഗരസഭ എൻജിനീയർ എന്നിവരടങ്ങിയതാണ് കമ്മിറ്റി. കമ്മിറ്റി റിപ്പോർട്ടനുസരിച്ച് കൗൺസിൽ തീരുമാനമെടുക്കുമെന്ന് ചെയർമാൻ പറഞ്ഞു. അതേസമയം, വിഷയത്തിലുൾപ്പെട്ട എല്ലാവരുമായി ഉടൻ സംസാരിച്ച് റിപ്പോർട്ട് കൈമാറുമെന്ന് വസ്തുതാന്വേഷണ കമ്മിറ്റി ചെയർമാൻ സമദ് ഉലുവാൻ പറഞ്ഞു. റോഡ് കൈയേറ്റം സംബന്ധിച്ച് പരാതി ലഭിച്ചതായി നഗരസഭ സെക്രട്ടറി കെ.പി. ഹസീന അറിയിച്ചു.
റോഡ് യാഥാർഥ്യമായാൽ ഗതാഗത കുരുക്കിന് ആശ്വാസമാകും
മലപ്പുറം: ചെറാട്ടുകുഴി - എം.ബി.എച്ച് ലിങ്ക് റോഡ് യാഥാർഥ്യമായാൽ കോട്ടക്കുന്നിലെത്തുന്ന വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർക്കും നഗരത്തിലെ ഗതാഗത കുരുക്കിനും ആശ്വാസമാകും. കോട്ടക്കുന്ന് പാർക്കിനോട് ചേർന്ന അണ്ണുണ്ണി പറമ്പ് -ചെറാട്ടുകുഴി റോഡിലൂടെ പുതിയ ലിങ്ക് റോഡ് വഴി കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാറങ്കോട്ട് എത്തിച്ചേരാനാകും.
നിലവിൽ കോട്ടക്കുന്നിൽ നിന്ന് മലപ്പുറം കുന്നുമ്മലിലേക്കും ചെറാട്ടുകുഴി റോഡ് വഴി കോട്ടപ്പടിയിലേക്കും മാത്രമേ പ്രവേശിക്കാൻ കഴിയു. ലിങ്ക് റോഡ് വരുന്നതോടെ കോട്ടപ്പടിയിൽ പ്രവേശിക്കാതെ നേരിട്ട് വാറങ്കോട്ട് എത്താൻ കഴിയുന്നതോടെ ഗതാഗത കുരുക്ക് കുറക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.