ചിറകടിച്ച് കോഴി വില
text_fieldsമലപ്പുറം: സാമ്പത്തിക രംഗത്ത് കനത്ത ആഘാതമേൽപിച്ച കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടെ സാധാരണക്കാരുടെ നടുവൊടിച്ച് കോഴി വില കുത്തനെ കൂടുന്നു. കോഴിക്ക് കിലോ 150-160 രൂപയും ഇറച്ചിക്ക് 220-230 രൂപയുമാണ് വെള്ളിയാഴ്ചയിലെ വില. ബലിപെരുന്നാൾ കൂടി വരുന്നതോടെ വില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മൊത്ത വിതരണക്കാർക്കുതന്നെ കിലോക്ക് 124 രൂപക്കാണ് കോഴി കിട്ടുന്നത്. ഇത് വാഹനങ്ങളിൽ കടകളിലെത്തിക്കുേമ്പാൾ 130 രൂപ വരെയാവും.
ഇന്ധന വിലയും കൂലിയും കഴിച്ച് തുച്ഛമായ തുകയാണ് അവർക്ക് ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വില കുത്തനെ കൂടിയത്. കോഴിയുടെ ഉൽപാദനം കുറഞ്ഞതും തീറ്റക്ക് കുത്തനെ വില കൂട്ടിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിതരണക്കാർ പറയുന്നത്. കോവിഡ് മൂലം തമിഴ്നാട്ടിൽ പല ഫാമുകളും അടച്ചിട്ടതും കേരളത്തിലുള്ള ഫാമുകൾ പലതും നടത്തിക്കൊണ്ടുപോകാനാവാതെ നിർത്തിയതും വില കൂടാനുള്ള കാരണങ്ങളാണ്. സംസ്ഥാനത്തിനാവശ്യമായ കോഴികളിൽ 30-35 ശതമാനം മാത്രമാണ് ഇപ്പോഴും ഇവിടെ ഉൽപാദിപ്പിക്കുന്നത്. ബാക്കി തമിഴ്നാട്ടിൽനിന്ന് വരണം.
അവിടെയുള്ള ഫാമുകളും വൻകിട കമ്പനികളും തീരുമാനിച്ചാൽ വില കൂട്ടാനും കുറക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. ഇതാണ് പ്രശ്നത്തിെൻറ മർമവും. കൃത്രിമമായി ക്ഷാമമുണ്ടാക്കി വില കൂട്ടുകയാണ് ചെയ്യുന്നതെന്നാണ് ചില്ലറ വിൽപന നടത്തുന്ന കച്ചവടക്കാർ പറയുന്നത്.
കുതിച്ചുയർന്ന് കോഴിത്തീറ്റ വില
കോഴി വില കുത്തനെ കൂടാനുള്ള പ്രധാന കാരണമായി പറയുന്നത് തീറ്റയുടെ വില വർധിച്ചതാണ്. 50 കിലോ തീറ്റയുടെ ചാക്കിന് രണ്ട് മാസത്തിനിടെ 550 രൂപയോളമാണ് വില കൂട്ടിയത്. 2100 രൂപയാണ് ചാക്കിന് ഇപ്പോഴത്തെ വില. തമിഴ്നാട്ടിൽനിന്നാണ് കോഴിത്തീറ്റയുടെയും വരവ്. തീറ്റയുണ്ടാക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളായ ചോളം, സോയബീൻ, പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിവയുടെ ദൗർലഭ്യതയും ഭീമമായ വിലയുമാണ് വർധനക്ക് കാരണമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. സോയബീെൻറ വിലയാണ് വലിയ തോതിൽ വർധിച്ചത്. സർക്കാർ സബ്സിഡി നൽകാതെ തീറ്റയുടെ വില കുറയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
പാക്കറ്റ് ചിക്കനിലേക്ക് മാറി വൻകിട കമ്പനികൾ
സംസ്ഥാനത്ത് കോഴി വിൽക്കുന്ന വൻകിട കുത്തക കമ്പനികൾ ഇറച്ചി പാക്കറ്റിലാക്കി വിൽക്കുന്ന മേഖലയിലേക്ക് തിരിഞ്ഞതും വില വർധനക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിലെല്ലായിടത്തും കോഴി ഫാമുകളും സംവിധാനവുമുള്ള കമ്പനികളിൽ ചിലരാണ് അവരുടെ നിയന്ത്രണത്തിലുള്ള കോഴികളെ ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം കമ്പനികൾ ഉൽപാദിപ്പിക്കുന്നവയിൽ 30 ശതമാനവും അവർ രാജ്യത്തിനകത്തും പുറത്തും വിപണനം നടത്തുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തേക്ക് വരുന്ന കോഴികളുടെ എണ്ണത്തിൽ കുറവുണ്ടാവാൻ ഇതും കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.