സൂക്ഷിക്കണം, കുട്ടിക്കളിയല്ല
text_fieldsമലപ്പുറം: കേന്ദ്ര വനിത ശിശുവികസന മന്ത്രാലയത്തിനു കീഴിൽനിന്ന് ചൈൽഡ് ലൈൻ പ്രവർത്തനം ‘മിഷൻ വാത്സല്യ’ക്ക് കീഴിലേക്ക് മാറ്റുമ്പോൾ ആശങ്കകളും പരാതികളും ആവോളമാണ്. ബാലാവകാശ സംരക്ഷണത്തിനും ഓരോ കുട്ടിയുടേയും താൽപര്യവും ഇഷ്ടവും അറിഞ്ഞുള്ള ഇടപെടൽ സംസ്ഥാനത്ത് ചൈൽഡ് ലൈന് പ്രശസ്തി നേടികൊടുത്തിരുന്നു.
പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും നിയമ സഹായം വേണ്ടവർക്കും ക്ഷേമ പ്രവർത്തനങ്ങളിലും നിലവിൽ ചൈൽഡ് ലൈൻ വളരെ സജീവമായി ഇടപെട്ടുവരുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കത്തിനെതിരെ വിവിധ മേഖലയിലുള്ളവർ പ്രതികരിക്കുന്നു.
ആശങ്കപ്പെടുത്തുന്ന തീരുമാനം
ചൈൽഡ് ലൈൻ പ്രവർത്തനത്തെ ‘മിഷൻ വാത്സല്യ’ക്ക് കീഴിലേക്ക് മാറ്റുമ്പോൾ സർവത്ര ആശയക്കുഴപ്പങ്ങളുണ്ട്. സർക്കാർ സംവിധാനത്തിലെ പ്രവർത്തനം തികച്ചും യാന്ത്രികമായി പോകുമോ എന്ന് ആശങ്കയുണ്ട്. സർക്കാർ നിയമനത്തിലൂടെ വരുന്ന ആളുകൾക്ക് ചൈൽഡ് ലൈൻ പ്രവർത്തനങ്ങളിൽ എത്രത്തോളം സജീവമായി ഇടപെടാൻ സാധിക്കും എന്ന് സംശയകരമാണ്. ആവശ്യമായ ഫണ്ട് നൽകി അവരെ സജീവമാക്കുകയാണ് വേണ്ടത്.
ഒരു സംഭവം നടന്നാൽ ആരോട് പറയും
പോക്സോ കേസുകൾ പലതും റിപ്പോർട്ട് ചെയ്യുന്നത് ചൈൽഡ് ലൈനിന്റെ ഇടപെടൽ കാരണമാണ്. ഒരു സംഭവം നടന്നുകഴിഞ്ഞാൽ ആരോട് പറയും എന്താണ് ചെയ്യേണ്ടത് എന്നത് വലിയ ചോദ്യമാണ്. ഈ അവസരത്തിലാണ് ചൈൽഡ് ലൈൻ സജീവ സാന്നിധ്യമായി പ്രവർത്തിച്ചത്. പ്രതികൾ വീട്ടിനുള്ളിലുള്ളവരാണെങ്കിൽ പോലും അത് കൃത്യമായി കൈകാര്യം ചെയ്തിരുന്നു. പുതിയ സംവിധാനമാകുന്നതോടെ ഇത്തരം കേസുകൾക്ക് എന്ത് സംഭവിക്കുമെന്നതിൽ ആശങ്കയുണ്ട്.
സ്വതന്ത്ര സ്വഭാവം നഷ്ടമാകുമെന്ന് ഭീതി
തികച്ചും സ്വാതന്ത്രമായാണ് ചൈൽഡ് ലൈനിന്റെ പ്രവർത്തനം. അതിന് വെല്ലുവിളിയാകുന്ന തരത്തിലുള്ള തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഒരു കുട്ടി ഉപദ്രവിക്കപ്പെടുന്നുണ്ട് എന്നറിഞ്ഞാൽ ആരോടും ചോദിക്കാതെ തന്നെ ചൈൽഡ് ലൈനിന് കൗൺസിലിങ് അടക്കം നടത്തി നടപടികൾ സ്വീകരിക്കാൻ സാധിക്കും. പുതിയ സംവിധാനം വരുമ്പോൾ ഇത്തരം കാര്യങ്ങൾ ആദ്യമേതന്നെ ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, പൊലീസിന്റെ ഇടപെടൽ വരുമ്പോൾ പ്രവർത്തനശൈലിയിലും മാറ്റം വരും.
സൽപേര് നഷ്ടപ്പെടുമെന്നത് ദൗർഭാഗ്യകരം
ചൈൽഡ് ലൈൻ സേവനങ്ങളിൽ യാതൊരുവിധ ബാഹ്യ ഇടപെടലുകളും ഉണ്ടായിരുന്നില്ലെന്നത് ഗുണഭോക്താക്കൾക്ക് പൂർണ സംതൃപ്തി നൽകിയിരുന്ന ഒന്നാണ്. പോക്സോ നിയമം വന്നതിനുശേഷം 90 ശതമാനം കേസുകളിലും ചൈൽഡ് ലൈൻ പ്രവർത്തകർ സാക്ഷികൾ ആണെന്നിരിക്കെ ജോലി നഷ്ടപ്പെടുന്ന പക്ഷം പലരും അന്യ രാജ്യങ്ങളിലേക്ക് പോകുന്നതോടെ കേസുകൾ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. പുതിയ സംവിധാനത്തിന് കീഴിലേക്ക് വരുമ്പോൾ വർഷങ്ങളോളം പ്രവർത്തി പരിചയമുള്ള നിലവിലെ സ്റ്റാഫിനെ നിലനിർത്തുന്നത് ഗുണകരമാകുമെന്നും സംസ്ഥാന സർക്കാർ ഇത് പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
ചടുലതയും വിശ്വാസ്യതയും നഷ്ടപ്പെടും
വർഷങ്ങളായിട്ടും വനിത ഹൈൽപ് ലൈൻ നടത്തി പരാജയപ്പെട്ട സംവിധാനമാണ് നമുക്കുള്ളത്. ഈ അവസരത്തിൽ ചൈൽഡ് ലൈൻ ആയിരുന്നു വനിതകൾക്ക് അടക്കം പ്രയോജനപ്പെട്ടിരുന്നത്. അതിനെ പുതിയ സംവിധാനത്തിന് കീഴിലേക്ക് മാറ്റുമ്പോൾ സർവത്ര ആശങ്കകളുണ്ട്. എൻ.ജി.ഒകളെ ഒഴിവാക്കുന്നതോടെ പ്രവർത്തനത്തിന്റെ ചടുലതയും വിശ്വാസ്യതയും നഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.